ഗ്രൂപ്പ് എഫിന് സൂപ്പർ ക്ലൈമാക്സ്; സ്വീഡനും മെക്‌സിക്കോയും പ്രീക്വാർട്ടറിൽ.ജർമനി പുറത്ത്
കാൽപ്പന്തുകളിയുടെ നാടകീയതയും അനിശ്ചിതത്വവും നിറഞ്ഞു കണ്ട പോരാട്ടങ്ങൾക്കാണ് ഇന്ന് ഫുട്ബാൾ ലോകം സാക്ഷ്യം വഹിച്ചത്. ഒരു വിജയമകലെ പ്രീക്വാർട്ടർ പ്രവേശനം സാധ്യമാകവേ സൗത്ത് കൊറിയയെ നേരിടാനിറങ്ങുമ്പോൾ നിലവിലെ ലോക ചാമ്പ്യന്മാർക്ക് ഭയപ്പെടാൻ കാര്യമായൊന്നുമുണ്ടായിരുന്നില്ല..രണ്ടു വിജയങ്ങൾ നൽകിയ കരുത്തുമായി ആറു പോയിന്റിന്റെ ബലത്തിൽ സ്വീഡനെ നേരിടാനിറങ്ങുമ്പോൾ മെക്സിക്കോയും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.
എന്നാൽ 90 മിനുട്ടുകൾക്കിപ്പുറം കളിയും കഥയും ആകെ മാറിയിരിക്കുന്നു..സൗത്ത് കൊറിയയോട് എതിരില്ലാത്ത രണ്ടു ഗോളിന്റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ ജർമ്മനി ലോകകപ്പിൽ നിന്നും പുറത്തുപോയിരിക്കുന്നു..ഗ്രൂപ്പ് ചാമ്പ്യന്മാരാകുമെന്ന് കരുതിയ മെക്സിക്കോ സ്വീഡനോട് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് തകർന്നിരിക്കുന്നു..ഒടുവിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്വീഡനും ജർമ്മനി വഴങ്ങിയ തോൽവിയുടെ ആനുകൂല്യത്തിൽ മെക്സിക്കോയും അവസാന പതിനാറിലെത്തി..
എക്സ്ട്രാ ടൈമിൽ വഴങ്ങിയ രണ്ടു ഗോളുകളാണ് ജർമ്മനിയുടെ കഥ കഴിച്ചത്..മെക്സിക്കോക്കെതിരെ ആഗസ്റ്റിൻസൺ,ഗ്രാൻക്വിസ്റ്റ് എന്നിവർ സ്വീഡനായി ലക്ഷ്യം കണ്ടപ്പോൾ ആൽവറെസിന്റെ സെൽഫ് ഗോൾ മെക്സിക്കോയുടെ ശിരസ്സിലെ അവസാനത്തെ ആണിയായി തറഞ്ഞു കയറി…സൗത്ത് കൊറിയക്കെതിരെ ജർമ്മനി വിജയം നേടിയിരുനെങ്കിൽ മോശം ഗോൾ ശരാശരി മൂലം മെക്സിക്കോ പുറത്താകുമായിരുന്നു. മൂന്ന് ഗോളിന്റെ പരാജയം പിണഞ്ഞിട്ടും ലോകകപ്പിൽ നിന്നും പുറത്താകാതിരുന്നതിന് സൗത്ത് കൊറിയയ്ക്ക് നന്ദി പറയുകയായിരിക്കും മെക്സിക്കോ. മൂന്നു കളികളിൽ രണ്ടു തോൽവി വഴങ്ങിയ ജർമനി ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി ലോകകപ്പ് യാത്ര അവസാനിപ്പിക്കുന്ന അവിശ്വസനീയമായ കാഴ്ചയ്ക്കും ഇന്ന് ലോകം സാക്ഷിയായി.