പ്രീക്വാർട്ടർ സ്വപ്ങ്ങളുമായി മൂന്നു ടീമുകൾ; ഗ്രൂപ്പ് എച്ചിൽ ഇന്ന് ജീവന്മരണ പോരാട്ടങ്ങൾ
പ്രീ ക്വാർട്ടർ സ്വപ്ങ്ങളുമായി മൂന്നു ടീമുകളാണ് ഗ്രൂപ്പ് എച്ചിൽ ഇന്ന് കലാശക്കൊട്ടിനിറങ്ങുന്നത്. ആഫ്രിക്കൻ കരുത്തുമായെത്തുന്ന സെനഗൽ, സൗത്ത് അമേരിക്കൻ ശക്തികളായ കൊളംബിയ, ഏഷ്യയിൽ നിന്നുള്ള ജപ്പാൻ എന്നിവരാണ് അവസാന പതിനാറിലെത്താനുള്ള അങ്കത്തിനിറങ്ങുന്നത്.രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട പോളണ്ട് മാത്രമാണ് ഗ്രൂപ്പിലെ കലാശക്കൊട്ടിൽ നിന്നും പുറത്തായ ഏക ടീം..
രണ്ടു മത്സരങ്ങളിൽ ഒരു വിജയവും ഒരു സമനിലയുമായി നാലു പോയിന്റോടെ ജപ്പാനും സെനഗലുമാണ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നത്.ഒരു വിജയവും ഒരു തോൽവിയുമായി കൊളംബിയ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. അവസാന മത്സരങ്ങളിൽ സെനഗൽ ഇന്ന് കൊളംബിയയെയും ജപ്പാൻ പോളണ്ടിനെയുമാണ് നേരിടാൻ ഒരുങ്ങുന്നത്.
നിലവിൽ മൂന്നു പോയിന്റുമായി മൂന്നാം സ്ഥാനത്തു നിൽക്കുന്ന കൊളംബിയ്ക്ക് സെനഗലിനെ പരാജയപ്പെടുത്തിയാൽ മാത്രമേ പ്രീക്വാർട്ടറിലേക്ക് നേരിട്ട് പ്രവേശിക്കാനാകു. സെനഗലിനാകട്ടെ കൊളംബിയയെ സമനിലയിൽ പിടിക്കാനായാൽ തന്നെ ഗ്രൂപ്പിൽ നിന്നും മുന്നേറാനാകും.
മറുഭാഗത്ത് ജപ്പാനും സമാനമായ സാഹചര്യങ്ങളാണുള്ളത്. പോളണ്ടിനോട് തോല്കാതിരുന്നാൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ ജപ്പാന് അവസാന പതിനാറിലെത്താം.എന്നാൽ പോളണ്ടിനോട് പരാജയപ്പെടുകയാണെങ്കിൽ കൊളംബിയ- സെനഗൽ മത്സരഫലത്തെ ആശ്രയിച്ചാകും ജപ്പാന്റെ പ്രീക്വാർട്ടർ പ്രവേശം.അതുപോലെ സെനഗൽ കൊളംബിയയോട് തോൽവി നേരിടുകയാണെങ്കിൽ ജപ്പാൻ-പോളണ്ട് മത്സരഫലമാകും സെനഗലിന്റെ ഭാവി നിർണയിക്കുക.ഇന്ന് രാത്രീ 7 .30 നാണ് ഇരു മത്സരങ്ങളും നടക്കുക.