ഒന്നാമനായി പ്രീക്വാർട്ടറിലെത്താൻ ഫ്രാൻസ്; അഗ്നിപരീക്ഷക്കൊരുങ്ങി ഡെന്മാർക്കും ഓസ്‌ട്രേലിയയും

June 26, 2018

 

ഗ്രൂപ്പ് സിയിൽ നിർണ്ണായക മത്സരങ്ങളിൽ  ഫ്രാൻസ് ഡെന്മാർക്കിനെയും പെറു ഓസ്‌ട്രേലിയയും നേരിടും. ആദ്യ രണ്ടു  മത്സരങ്ങളും വിജയിച്ച ഫ്രാൻസ് ഇതിനോടകം തന്നെ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പാക്കിയെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിൽ പ്രവേശിക്കണെമെങ്കിൽ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. രണ്ടു മത്സരങ്ങളിൽ ഒരു വിജയവും സമനിലയുമായി നാലു പോയിന്റുള്ള ഡെന്മാർക്ക് നിലവിൽ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഇന്നത്തെ മത്സര ഫലങ്ങളുടെ ഗതി അനുസരിച്ചായിരിക്കും പ്രീ ക്വാർട്ടറിലേക്കുള്ള ഡെന്മാർക്ക് പ്രവേശനം.

ഇന്ന് ഫ്രാൻസുമായുള്ള മത്സരത്തിൽ ഡെന്മാർക്ക് പരാജയപ്പെടുകയും ഓസ്‌ട്രേലിയ പെറുവിനെ തോൽപ്പിക്കുകയും ചെയ്താൽ ഗോൾ ശരാശരിയുടെ ബലത്തിൽ ഓസ്‌ട്രേലിയയാകും മുന്നേറുക. അതെ സമയം ഫ്രാൻസിനെതിരെ തോൽക്കാതിരുന്നാൽ ഡെന്മാർക്കിന് പ്രീ ക്വാർട്ടറിലെത്താം. ഫ്രാൻസ്-ഡെന്മാർക്ക് മത്സരം സമനിലയിലായാൽ 7 പോയിന്റോടെ ഫ്രാൻസ് ഒന്നാമതായും അഞ്ചു പോയിന്റുമായി ഡെന്മാർക്ക് രണ്ടാം സ്ഥാനക്കാരായും അവസാന പതിനാറിലെത്താം.

പെറുവിനെ തോല്പിച്ചാലും ഫ്രാൻസ്-ഡെൻമാർക്ക്‌ മത്സരഫലമാണ്  ഓസ്‌ട്രേലിയയുടെ ഭാവി നിർണ്ണയിക്കുക. ഫ്രാൻസിനെ ഡെന്മാർക്ക് അട്ടിമറിച്ചാൽ ഡെന്മാർക്ക് ഒന്നാം സ്ഥാനക്കാരായും ഫ്രാൻസ് രണ്ടാം സ്ഥാനക്കാരായും പ്രീക്വർട്ടറിലെത്തും. ഇന്ന് വെകീട്ട് 7 .30 നാണ് ഇരു മത്സരങ്ങളും ആരംഭിക്കുക.