ട്രോളന്മാരിലെ കേമന്മാർക്കായി ‘ദി ഗ്രേറ്റ് ട്രോളൻ അവാർഡ്‌സു’മായി ഫ്ളവേഴ്സ് ഓൺലൈൻ..!

June 14, 2018

അഖില ലോക ട്രോളന്മാരെ സംഘടിക്കുവിൻ…!

ഒരേ സമയം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ട്രോളൻ…! മന്ത്രിമാർ മുതൽ തന്ത്രിമാർ വരെയുള്ളവരുടെ മണ്ടത്തരങ്ങൾ മാലോകരെ വിളിച്ചറിയിച്ച ട്രോളൻ…! നാടോടുമ്പോൾ നടുവേ ഓടാതെ, ‘ഇങ്ങനെയൊക്കെ ഓടിയാൽ മതിയോ നാട്ടാരെ‘ എന്ന് ഉറക്കെ മറു ചോദ്യം ചോദിക്കാൻ ധൈര്യം കാണിച്ചവൻ ട്രോളൻ.. ആറങ്ങോട്ടുകര മുതൽ അന്റാർട്ടിക്ക വരെയെത്താൻ ഒരു നിമിഷാർദ്ധം മാത്രം മതിയെന്നു തെളിയിച്ചവൻ ട്രോളൻ…! ആപ്പിളിൽ തുടങ്ങി അപ്പോളോ വെഹിക്കിളിൽ വരെ  നർമ്മം നിറച്ചവൻ ട്രോളൻ..! മമ്മൂട്ടിയും മോഹൻലാലുമെന്നപോൽ മണവാളനെയും രമണനെയും നെഞ്ചോടു ചേർക്കാൻ മലയാളികളെ പഠിപ്പിച്ച ട്രോളൻ…! ജാതി-മത-വർണ്ണ-വർഗ്ഗ വേർതിരിവുകൾക്കപ്പുറം ചിരിയിൽ ചിന്തയുടെ വിപ്ലവം നയിച്ചവൻ ട്രോളൻ..! മീമുകളാൽ വിസ്മയം തീർത്ത മഹാമാന്ത്രികൻ ട്രോളൻ…!


വിശേഷണങ്ങൾ അവസാനിക്കുന്നില്ല…ആരാണ് ട്രോളൻ..?എന്ന ചോദ്യത്തിന് ഇനിയുമേറെ ഉത്തരങ്ങൾ ബാക്കിയാണ്.പക്ഷെ ഇപ്പോഴത്തെ ചോദ്യം അതൊന്നുമല്ല…!.
കേമരിൽ കേമന്മാരായ ട്രോളന്മാർ നടത്തുന്ന ഈ വീര സാഹസ കൃത്യങ്ങൾക്ക് അവരർഹിക്കുന്ന ആദരം നൽകേണ്ട കാലമായില്ലേ..? ഈ ചോദ്യത്തിനുള്ള ഉത്തരം തേടി ഫ്ളവേഴ്സ് ഓൺലൈൻ നടത്തിയ യാത്ര ചെന്നെത്തിനിൽക്കുന്നത് തികച്ചും പുതുമയുണർത്തുന്ന ഒരു പരിപാടിയിലാണ് …’ദി ഗ്രേറ്റ് ട്രോളൻ അവാർഡ്’…..
അതെ… ഇനി ട്രോളർമാരുടെ പട്ടാഭിഷേകത്തിന്റെ നാളുകളാണ്…ട്രോളുകൾ മാത്രമല്ല ട്രോളന്മാരും വൈറലാകുന്ന പുതിയ കാലത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്……!
പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ട്രോളുകൾ വിഭാവനം ചെയ്യുന്ന ‘കിടുവേ’ ട്രോളന്മാരെ തേടി ഫ്ലവേഴ്സ് ഓൺലൈൻ എത്തുകയാണ്…ദി ഗ്രേറ്റ് ട്രോളൻ അവാർഡുമായി…!
കാൽപ്പന്തുകളിയുടെ വിശ്വ മാമാങ്കത്തിന് റഷ്യൻ മണ്ണിൽ വിസിലുയരുമ്പോൾ, അതിനോടനുബന്ധിച്ചാണ് ട്രോളന്മാർക്കുള്ള കിടിലൻ അവാർഡുമായി ഫ്ളവേഴ്സ് ഓൺലൈൻ എത്തുന്നത്…ലോകകപ്പുമായി ബന്ധപ്പെട്ട ഏറ്റവും രസകരമായ ട്രോളുകൾ നിർമ്മിക്കുന്ന ട്രോളന്മാർക്കാണ് ‘ദി ഗ്രേറ്റ് ട്രോളൻ’ അവാർഡ് നൽകുക..
ട്രോൾ മലയാളം, സ്കൂൾ കോളേജ് ട്രോൾസ്, ട്രോൾ ഫുട്ബാൾ മലയാളം തുടങ്ങിയ പ്രശസ്തമായ ട്രോൾ പേജുകളുമായി സഹകരിച്ചാണ് ഫ്ളവേഴ്സ് ഓൺലൈൻ ‘ഗ്രേറ്റ് ട്രോളന്മാരെ’ കണ്ടെത്തുന്നത്…ഓരോ പേജിലും ഏറ്റവും മികച്ച ട്രോളുകൾ സൃഷ്ടിക്കുന്ന ട്രോളനായിരിക്കും ‘ദി ഗ്രേറ്റ് ട്രോളനാ’യി തിരഞ്ഞെടുക്കപ്പെടുക..ലോകകപ്പിലെ അവസാന വിസിലിന് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന ട്രോളന്മാർക്ക് പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും ഫ്ളവേഴ്സ് നൽകുന്ന ദി ഗ്രേറ്റ് ട്രോളൻ പുരസ്കാരവും ലഭിക്കും…
അപ്പോ..എങ്ങനാ ട്രോളന്മാരെ….മ്മക്ക് ഓരോ ട്രോളങ്ട് കാച്ചിയാലോ..? വരും കാലങ്ങളിൽ ഫ്രീക്കന്മാർ പാടി നടക്കട്ടെ..ന്ന്.. ഈ ട്രോളന്മാരുടെ നല്ല ‘കിടുവേ’ കഥകൾ..!