കസാനിൽ കണ്ണീരണിഞ്ഞ് മെസ്സിപ്പട; അർജന്റീനയെ തോൽപ്പിച്ച് ഫ്രാൻസ് ക്വാർട്ടറിൽ

June 30, 2018

ഫ്രഞ്ച് വിപ്ലവത്തിന് മുന്നിൽ മെസ്സിയും തകർന്നു പോയിരിക്കുന്നു.മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റെന്ന് ആരാധകർ വിശ്വസിച്ച അവരുടെ മിശിഹായെ ഏഴാം നാൾ ഫ്രഞ്ച് പട നിരായുധനാക്കിയിരിക്കുന്നു..! തോൽപ്പിച്ചിരിക്കുന്നു…
അർജന്റീനൻ ഡിഫെൻസിനെ നിഷ്പ്രഭമാക്കി ഇരട്ട ഗോളുകൾ നേടിയ കെയ്‌ലിയൻ എംബപ്പയുടെ നേതൃ ത്വത്തിലാണ് കസാനിൽ ഫ്രഞ്ച് പട കസറിയത്.

മത്സരത്തിന്റെ 13ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ഗ്രീസ്മാനിലൂടെ ഫ്രാൻസാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്..കഴിഞ്ഞ കളിയിലെ അർജന്റീനയുടെ സൂപ്പർ ഹീറോ മാർക്കസ് റോഹോ എംബപ്പയെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്.


ഒരു ഗോൾ ലീഡോടെ ആദ്യ പകുതി അവസാനിപ്പിക്കാമെന്ന് കരുതിയ ഫ്രാൻസിനെ ഞെട്ടിച്ചുകൊണ്ട് 41ാം മിനുട്ടിൽ ഡി മരിയയിലൂടെ അർജന്റീന ഒപ്പമെത്തി.. പെനാൽറ്റി ബോക്‌സിന് പുറത്തു നിന്ന് ഡി മരിയ തൊടുത്തുവിട്ട ലോങ്ങ് റേഞ്ചർ ഫ്രഞ്ച് ഗോളിയെ നിസ്സഹായനാക്കി വലയിൽ തുളച്ചു കയറുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 48ാം മിനുട്ടിൽ മെർകാഡിയോയിലൂടെ അർജന്റീന മുന്നിലെത്തി.മെസ്സിയുടെ ഗ്രൗണ്ടർ മെർക്കാഡോയുടെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു.
എന്നാൽ അർജനിന്റൻ സന്തോഷത്തിന് ഒൻപതു മിനുട്ട് മാത്രമായിരുന്നു ദൈർഘ്യം..ഡി മരിയയുടെ ഉഗ്രൻ ഗോളിന് മറുപടിയുമായി മറ്റൊരു തകർപ്പൻ ഷോട്ടിലൂടെ ബെഞ്ചമിൻ പവാർഡ് ഫ്രാൻസിനെ ഒപ്പമെത്തിച്ചു..


സമനില ഗോൾ നേടിയ ആവേശത്തിൽ ആക്രമിച്ചു കളിച്ച ഫ്രാൻസിനായി 64,68 മിനുട്ടുകളിലാണ് എംബാപ്പ ഗോളുകൾ നേടിയത്..മത്സരം അവശേഷിക്കാൻ ഒരു മിനുട്ട് മാത്രം ബാക്കി നിൽക്കെ മെസ്സിയുടെ അളന്നു മുറിച്ച പാസിൽ നിന്നും അഗ്യൂറോ മൂന്നാം ഗോൾ നേടിയെങ്കിലും മറ്റൊരു ഗോളിലൂടെ സമനില കണ്ടെത്താനുള്ള സമയം അവശേഷിച്ചിരുന്നില്ല..


ഒടുവിൽ കസാനിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ, നാലു മിനുട്ടിന്റെ ഇടവേളയിൽ ഇരട്ടപ്രഹരവുമായി അർജന്റീനയിൽ നിന്നും കളിപിടിച്ചെടുത്ത എംബാപ്പ വിജയാരവത്തോടെ പുഞ്ചിരിച്ചപ്പോൾ, മെസ്സിയെന്ന അർജന്റീനയുടെ മിശിഹാ ഒരിക്കൽക്കൂടി തോൽവിയുടെ കൈപ്പുനീർ നിറഞ്ഞ കണ്ണീർ വാർത്തുകൊണ്ട് നിസ്സഹായനായി നിന്നു