ജർമനിയെ ആശങ്കയിലാഴ്ത്തി ഓസിലിന്റെ പരിക്ക്; പ്രാർത്ഥനയോടെ ആരാധകർ
തുടർച്ചയായ രണ്ടാം ലോക കിരീടം ലക്ഷ്യമിടുന്ന ജർമ്മനിയെ പ്രതിസന്ധിയിലാക്കി സൂപ്പർ താരം മെസ്യൂട്ട് ഓസിലിന്റെ പരിക്ക്..റഷ്യയിൽ ജൂൺ 14 നു ആരംഭിക്കുന്ന ലോകകപ്പിനു മുന്നോടിയായി ഓസ്ട്രിയക്കെതിരായ നടന്ന സന്നാഹമത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ 76ാം മിനുട്ടിൽ എതിർ താരവുമായി കൂട്ടിയിടിച്ചാണ് ഓസ്ലിന്റെ കാൽമുട്ടിന് പരിക്കേറ്റത് .
കഴിഞ്ഞ നാലു ദിവസങ്ങളായി ജർമ്മൻ ടീമിനൊപ്പം പരിശീലനത്തിനിറങ്ങാൻ താരത്തിനായിട്ടില്ല.ജർമ്മൻ മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന പ്ലേ മേക്കറായ ഓസിലിന്റെ പരിക്ക് ആരാധകർക്കിടയിൽ കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.സഹകളിക്കാർക്ക് അസിസ്റ്റ് നൽകുന്നതിലും അവശ്യ സമയത് സ്വയം സ്കോർ ചെയ്യുന്നതിലും അസാമാന്യ വൈഭവം പ്രകടിപ്പിക്കുന്ന ഓസിലിനെ കേന്ദ്രീകരിച്ചായിരിക്കും ജർമനിയുടെ ലോകകപ്പ് പ്രകടനങ്ങളുടെ ഭാവി..
അതേ സമയം പരിക്ക് ഗുരുതരമല്ലെന്നും ലോകകപ്പിന് മുന്നോടിയായി താരം പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.ലോകകപ്പിൽ ജൂൺ 17 ന് മെക്സിക്കോക്കെതിരെയാണ് ജർമനിയുടെ ആദ്യ മത്സരം