റഷ്യയിൽ ‘ജർമ്മൻ ദുരന്തം’..! സൗത്ത് കൊറിയയോട് തോറ്റ് ചാമ്പ്യന്മാർ പുറത്ത്
അട്ടിമറികളാൽ സമൃദ്ധമായ റഷ്യൻ ലോകകപ്പിൽ നിന്നും നിലവിലെ ലോക ചാമ്പ്യന്മാരായ ജർമ്മനി പുറത്ത്.ഗ്രൂപ്പ് എഫ് ലെ നിർണ്ണായകമായ മത്സരത്തിൽ സൗത്ത് കൊറിയയോട് പരാജയപ്പെട്ടതോടെയാണ് ചാമ്പ്യന്മാർക്ക് പുറത്തേക്കുള്ള വഴി തെളിച്ചത്.
പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ വിജയം അനിവാര്യമായ മത്സരത്തിൽ തുടക്കം മുതലേ അക്രമിച്ചുകളിച്ചുവെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയും നിർഭാഗ്യവുമാണ് ലോക ചാമ്പ്യന്മാർക്ക് തിരിച്ചടിയായത്.ഒടുവിൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പ്രതിരോധം മറന്ന് അക്രമിക്കാനിറങ്ങിയ ജർമനിയെ ഞെട്ടിച്ചുകൊണ്ടാണ് സൗത്ത് കൊറിയ ഇരട്ട ഗോളുകൾ നേടിയത്.
വിജയ ഗോളിനായി ജർമനി കൈയും മെയ്യും മറന്ന് പോരാടവേ കളിയുടെ അധിക സമയത്താണ് കൊറിയയുടെ രണ്ടു ഗോളുകളും പിറന്നത്.93ാം മിനുട്ടിൽ കിം യോങ് ഗ്വോനും 96ാം മിനുട്ടിൽ സൺഹ്യുങ് മിനുമാണ് നേടിയ ഗോളുകളാണ് സൗത്ത് കൊറിയയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. മൂന്നും മത്സരങ്ങളിൽ രണ്ടു തോൽവി പിണഞ്ഞ ജർമനി ഗ്രൂപ്പ് എഫ് ലെ അവസാന സ്ഥാനക്കാരെന്ന ചീത്തപ്പേരുമായാണ് റഷ്യയോട് വിട പറയുന്നത്.