റഷ്യയിൽ കിരീടമുയർത്താൻ സർവ്വസജ്ജം ഈ ഫ്രഞ്ച് പട; ഗ്രീസ്മാൻ

June 13, 2018

റഷ്യൻ ലോകകപ്പിൽ കിരീടം നേടാനുള്ള എല്ലാ കരുത്തുമുള്ളവരാണ് ഇത്തവണത്തെ ഫ്രഞ്ച് പടയെന്ന പ്രഖ്യാപനവുമായി ടീമിലെ മുന്നേറ്റ താരം അന്റോണിയോ ഗ്രീസ്‌മാൻ. ലോകകപ്പ് കിക്കോഫിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ഗ്രീസ്മാൻ തന്റെ ടീം ശക്തമാണെന്ന മുന്നറിയിപ്പ് നൽകിയത്.

“രാജ്യത്തിനായി ലോകകപ്പ് നേടുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യയിൽ എത്തിയിരിക്കുന്നത്…ഏത് രീതിയിൽ എത്ര നന്നായി കളിച്ചു എന്നതിനേക്കാൾ പ്രധാനമാണ് ലോകകപ്പ് നേടുക എന്ന ആത്യന്തികമായ  ദൗത്യം നിറവേറ്റുക എന്നത്.. ലോകകപ്പെന്ന ലക്ഷ്യം നിറവേറ്റാൻ അവലംബിക്കുന്ന കളിരീതികൾ എന്തു തന്നെയായാലും ഇത്തവണ കിരീടമുയർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.”- ഗ്രീസ്മാൻ പറഞ്ഞു
എത്ര കേമന്മാരായ എതിരാളികളുടെ പ്രതിരോധവും കീറിമുറിക്കാനുള്ള കരുത്ത് ഫ്രഞ്ച് പടക്കുണ്ടെന്നും പരിശീലകൻ ദെഷാംസുമായി തനിക്കുള്ള ഊഷ്മളമായ ബന്ധം സ്വന്തം പ്രകടനത്തിൽ വളരെ വലിയ മാറ്റങ്ങൾ വരുത്തുമെന്നും 27 കാരനായ ഗ്രീസ്മാൻ പ്രത്യാശ പ്രകടിപ്പിച്ചു.
ജൂൺ 16 ന് ഓസ്‌ട്രേലിയക്കെതിരെയാണ് ഫ്രാൻസിന്റെ ആദ്യ മത്സരം. ഡെന്മാർക്ക്, പെറു, ഓസ്‌ട്രേലിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് സി യിലാണ് ഫ്രാൻസ് ഉൾപ്പെട്ടിരിക്കുന്നത്