ഗോളടിക്കാനാകാതെ മഞ്ഞപ്പട; സമനില പാലിച്ച് ബ്രസീൽ-കോസ്റ്റാറിക്ക മത്സരത്തിന്റെ ആദ്യ പകുതി
ഗ്രൂപ്പ് ഇ യിൽ ബ്രസീൽ- കോസ്റ്റാറിക്ക മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഗോൾ രഹിതമായി തുടരുന്നു.സെന്റ് പീറ്റേഴ്സ് ബെർഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ നിരന്തരം ആക്രമണങ്ങളുമായി ബ്രസീൽ കളം നിറഞ്ഞു കളിച്ചുവെങ്കിലും ഗോൾ മാത്രം അകന്നു നിൽക്കുകയായിരുന്നു.
പെനാൽറ്റി ബോക്സിനു തൊട്ടു പുറത്തു നിന്നായി നിരവധി ലോങ്ങ് റേഞ്ചറുകളിലൂടെ കോസ്റ്ററിക്കൻ വല ചലിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഷോട്ടുകളിൽ പലതും ലക്ഷ്യം തെറ്റിയതോടെ അക്കൗണ്ട് തുറക്കാനാതെ ബ്രസീലിന് ആദ്യ പകുതി അവസാനിപ്പിക്കേണ്ടി വന്നു.പലപ്പോഴും ബ്രസീൽ മുന്നേറ്റനിരയും കോസ്റ്ററിക്കൻ പ്രതിരോധവും തമ്മിലുള്ള ബല പരീക്ഷണമായി മാറിയ മത്സരത്തിൽ കൗണ്ടർ അറ്റാക്കുകളിലൂടെ തിരിച്ചടിക്കാനായിരുന്നു കോസ്റ്ററിക്കൻ തന്ത്രം. എന്നാൽ അപൂർവമായി മാത്രം സൃഷിടിക്കപ്പെട്ട കോസ്റ്ററിക്കൻ മുന്നേറ്റങ്ങളെയെല്ലാം ബ്രസീൽ പ്രതിരോധം നിർവീര്യമാക്കുകയിരുന്നു.
നെയ്മറും കുട്ടീഞ്ഞോയും, വില്ലിയനുമടങ്ങുന്ന ലോകോത്തര താരങ്ങളെ ഗോളിൽ നിന്നും അകറ്റി നിർത്തിയ കോസ്റ്ററിക്കൻ പ്രതിരോധം തന്നെയാണ് ആദ്യ പകുതിയിലെ ഹീറോ..