കണക്കിലെ കരുത്തിൽ കണ്ണു നട്ട് അർജന്റീന; ചരിത്രം തിരുത്താൻ നൈജീരിയ
ലോകകപ്പ് വേദികളിലെ സ്ഥിരം ‘കൂട്ടുകാരാ’ണ് അർജന്റീനയും നൈജീരിയയും…നൈജീരിയ ലോകകപ്പിന് യോഗ്യത നേടിയ അവസാന നാലു ലോകകപ്പുകളിലും അർജന്റീനയും ആഫ്രിക്കൻ കരുത്തരും ഒരേ ഗ്രൂപ്പിലാണ് ഇടം പിടിച്ചത്.2002,2010 ,2014,2018 ലോകകപ്പുകളിലാണ് ഇരു ടീമുകളും ഒരേ ഗ്രൂപ്പിൽ പോരിനിറങ്ങിയത്. 1994 ലും ഇരു ടീമുകളും ഒരേ ഗ്രൂപ്പിലായിരുന്നു.
പരസ്പരം ഏറ്റുമുട്ടിയ നാലു തവണയും വിജയം അർജെന്റീനക്കായിരുന്നുവെന്നതാണ് ചരിത്രം.ലോകകപ്പ് വേദിയിൽ നൈജീരിയക്കെതിരായ ഈ അപ്രമാദിത്വം തുടരാൻ കഴിയുമെന്ന പ്രത്യാശയിലാണ് മെസ്സിയും സംഘവും ഇന്ന് സെന്റ്പീറ്റേഴ്സ്ബർഗിൽ കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്.
പോരിനിറങ്ങിയ നാലു തവണയും ഓരോ ഗോൾ മാർജിനിലാണ് അർജന്റീന വിജയിച്ചു കയറിയത്. 1994 ൽ 2 -1 നും 2002, 2010 വർഷങ്ങളിൽ 1-0 ത്തിനും. 2014 ൽ 3 -2 നുമാണ് അർജന്റീന വിജയിച്ചത്. ഐസ്ലാൻഡിനെതിരെ രണ്ടു ഇരട്ട ഗോളുകൾ നേടിയ അഹമ്മ്ദ് മൂസ കഴിഞ്ഞ ബ്രസീൽ ലോകകപ്പിൽ അർജെന്റീനക്കെതിരെയും ഇരട്ട ഗോളുകൾ നേടിയിരുന്നുവെന്നതാണ് മറ്റൊരു സവിശേഷത.
നൈജീരിയയ്ക്ക് വഴങ്ങാത്ത സൗത്ത് അമേരിക്കക്കാർ
ലോകകപ്പ് വേദികളിൽ ഇന്നേവരെ ഒരു സൗത്ത് അമേരിക്കൻ ടീമുകളെയും പരാജയപ്പെടുത്താൻ കഴിയാത്തവരാണ് നൈജീരിയക്കാർ. ലോകകപ്പിൽ നൈജീരിയ ഇന്നേവരെ നേടിയിട്ടുള്ള ആറു വിജയങ്ങളും യൂറോപ്പ്യൻ ടീമുകൾക്കെതിരെയായിരുന്നു.
കണക്കുകളിൽ ഏറെ മുന്നിലാണെങ്കിലും കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തികഞ്ഞപരാജയമായി മാറിയ മെസ്സിപ്പടയും സംഘവും ഫോമിലേക്കുയർന്നില്ലെങ്കിൽ സെന്റ്പീറ്റേഴ്സ്ബർഗിൽ പുതിയ ചരിത്രം പിറക്കും. 84 വർഷങ്ങൾക്ക് ശേഷം ഒരു വിജയം പോലും നേടാനാകാതെ ലോകകപ്പിൽ നിന്നും പുറത്താവുകയെന്ന വലിയ നാണക്കേടാണ് അർജന്റീനയെ കാത്തിരിക്കുന്നത്. മെസ്സിപ്പടയെ സമർത്ഥമായി പൂട്ടിയ ഐസ്ലാൻഡിനെ രണ്ടു ഗോളുകൾക്ക് തകർത്താണ് നൈജീരിയ അവസാന മത്സരത്തിനിറങ്ങുന്നത്. ഇന്ന് രാത്രി 11.30 ന് സെന്റ്പീറ്റേഴ്സ്ബർഗിലാണ് അർജന്റീന-നൈജീരിയ മത്സരം നടക്കുക