ഉറുഗ്വായ്-പോർച്ചുഗൽ പോരാട്ടം- കണക്കുകളിലൂടെ

വിജയിക്കുന്നവർ മാത്രം മുന്നേറുന്ന ജീവൻമരണ പോരാട്ടങ്ങളിലേക്ക് കടക്കുകയാണ് റഷ്യൻ ലോകകപ്പ്…ആദ്യ പ്രീ ക്വാർട്ടറിൽ ഫ്രാൻസ് അർജെന്റീനയെയും പിന്നീട് ഉറുഗ്വായ് പോർച്ചുഗലിനെയും നേരിടുന്നതോടെ ലോകകപ്പിലെ മരണക്കളികളുടെ നോക്ക്ഔട്ട് റൗണ്ട് ഉണരും..ആരാധകരുടെ പ്രിയ ടീമുകളിൽ രണ്ടുപേർ വളരെ നേരെത്തെ തന്നെ റഷ്യൻ ലോകകപ്പിനോട് വിടപറയുമെന്ന യാഥാർഥ്യം ഫുട്ബാൾ ആരാധകരെ സങ്കടപ്പെടുത്തുണ്ടാകാം…രണ്ടാം പ്രീ ക്വാർട്ടർ മത്സരത്തിൽ പോരാടാനിറങ്ങുന്ന ഉറുഗ്വായ്-പോർച്ചുഗൽ മത്സരത്തിലെ കണക്കിലെ കളികൾ എന്തക്കെയെന്ന് നോക്കാം..
ഇതിന് മുൻപ് രണ്ടു തവണയാണ് ഉറുഗ്വായും പോർച്ചുഗലും ഏറ്റുമുട്ടിയുട്ടുളളത്..ഒരു വിജയവും സമനിലയുമായി നേർക്കുനേർ പോരാട്ടങ്ങളിൽ പോർച്ചുഗൽ അജയ്യരായി നിൽക്കുന്നു. റഷ്യൻ ലോകകപ്പിലാണ് ഇരു ടീമുകളും ആദ്യമായി ഒരു ലോകകപ്പ് വേദിയിൽ മാറ്റുരയ്ക്കാനെത്തുന്നത്..
ലോകകപ്പിൽ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ലാത്ത ഉറുഗ്വായ് തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് സോച്ചിയിൽ പന്ത് തട്ടാനിറങ്ങുന്നത്.. 1930 ലാണ് ഉറുഗ്വായ് ഇതിന് മുൻപ് ലോകകപ്പിലെ ആദ്യ നാലു മത്സരങ്ങളും വിജയിച്ചത്.അന്ന് കിരീടവുമായി കളിയവസാനിപ്പിച്ച ഉറുഗ്വായ് സമാനമായൊരു മുന്നേറ്റമാണ് റഷ്യൻ ലോകകപ്പിലും പ്രതീക്ഷിക്കുന്നത്. കളിയുടെ മനോഹാരിതയേക്കാൾ മത്സര ഫലത്തിന് പ്രാധാന്യം നൽകുന്ന ഫെർണാണ്ടോ സാന്റോസ് പരിശീലിപ്പിക്കുന്ന പോർച്ചുഗൽ പരാജയമറിയാതെയാണ് ഗ്രൂപ്പ് ഘട്ടം പിന്നിട്ടത്. യൂറോ ചാമ്പ്യന്മാരെന്ന പകിട്ടുമായെത്തുന്ന പോർച്ചുഗലിന്റെ പ്രതീക്ഷ മുഴുവൻ പേറുന്നത് അവരുടെ നായകനായ സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് . സോച്ചി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 11.30 നാണ് പോരാട്ടം