‘ഹോപ്പ് ബിയോണ്ട് ലുക്കീമിയ’; കേരളത്തിലെ രക്താർബുദരായ കുട്ടികളുടെ ചികിത്സയ്ക്ക് വേണ്ടി പുതിയ പദ്ധതിയൊരുങ്ങുന്നു..

June 29, 2018

കേരളത്തിലെ നിർധനരായ കുട്ടികളുടെ ചികിത്സയ്ക്കായി ഹോപ്പ് ബിയോണ്ട് ലുക്കീമിയ എന്ന പേരിൽ പുതിയ പദ്ധതി  ആരംഭിക്കാനൊരുങ്ങി  ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ.  നിർധന കുടുംബത്തിലെ രക്താർബുദം ബാധിച്ച കുട്ടികളുടെ തുടർ ചികിത്സക്ക് വേണ്ടി പുതിയ പദ്ധതി നടപ്പാക്കുന്നതെന്നും  ചെയർമാൻ ഹാരിസ് കാട്ടകത്ത് ദുബൈയിൽ അറിയിച്ചു. ഹോപ്പ് ബിയോണ്ട് ലുക്കീമിയ എന്ന പേരിൽ തുടങ്ങിയ പരുപാടിയുടെ ആദ്യഘട്ടമെന്നോണം കേരളത്തിൽ നിന്നും രക്താർബുദത്തിന് ചികിത്സ തേടുന്ന പാവപ്പെട്ട നൂറ് കുട്ടികളെ കണ്ടെത്തി അവർക്ക് സൗജന്യമായി ചികിത്സ നൽകും.

ഹോപ്പ് ബിയോണ്ട് ലുക്കൂമിയ എന്ന പദ്ധതിയിലൂടെ ക്യാൻസർ ചികിത്സാ രംഗത്തെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളിൽ സേവനങ്ങൾ സൗജന്യമായി  ലഭ്യമാകും. കുട്ടികളുടെ രക്താർബുദ ചികിത്സാ മേഖലയിലെ ഇന്ത്യയിലെ മികച്ച ഡോക്ടർമാരുടെ സേവനവും ഇത് വഴി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഈ പദ്ധതിയുടെ ഭാരവാഹികൾ അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് സൗജന്യമായി ചികിത്സാ ഒരുക്കുവാൻ കോഴിക്കോട് എം വി ആർ കാൻസർ സെൻറുമായി ഹോപ്പ് പ്രതിനിധികൾ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.

അടുത്ത ദിവസങ്ങളിൽ തന്നെ ഇന്ത്യയിലെ കൂടുതൽ ക്യാൻസർ ചികിത്സാ കേന്ദ്രങ്ങളുമായി ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും. കുട്ടികളുടെ അർബുദ ചികിത്സാ രംഗത്ത് ഇത്തരത്തിലുള്ള ഒരു ചുവടുവെപ്പ് ഇന്ത്യയിൽ ആദ്യമായാണ് നടക്കുന്നത്.