തോറ്റിട്ടും ജപ്പാൻ പ്രീക്വാർട്ടറിൽ; ആശ്വാസ ജയവുമായി പോളണ്ട്

June 29, 2018

 

ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ പോളണ്ടിനോട് തോൽവി വഴങ്ങി ജപ്പാൻ. തോൽവിയറിയാതെ ആദ്യ രണ്ടു മത്സരങ്ങൾ പൂർത്തിയാക്കിയ ജപ്പാൻ ഏകപക്ഷീയമായ ഒരു ഗോളിനാണ് പോളണ്ടിനോട് അടിയറവു പറഞ്ഞത് .മത്സരത്തിന്റെ 59ാം മിനുട്ടിൽ ബെഡിനറിക്കാണ് പോളണ്ടിന്റ്‌റെ വിജയഗോൾ നേടിയത്..


പോളണ്ടിനോട് പരാജയപ്പെട്ടുവെങ്കിലും മറ്റൊരു മത്സരത്തിൽ സെനഗൽ കൊളംബിയയോടും തോറ്റതോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ജപ്പാൻ പ്രീ ക്വാർട്ടറിൽ കയറുകയായിരുന്നു.മൂന്നു കളികളിൽ ഒന്നുവീതം വിജയവും സമനിലയും പരാജയവുമായി നാലു പോയിന്റുമായി സെനഗലും ജപ്പാനും തുല്യത പാലിച്ചപ്പോൾ ഫെയർപ്ലേയിലൂടെയാണ് രണ്ടാം സ്ഥാനക്കാരെ കണ്ടെത്തിയത്.


പോയിന്റ്, ഗോൾ ശരാശരി, അടിച്ച ഗോൾ എന്നീ കണക്കുകളിലെല്ലാം ജപ്പാനും സെനഗലും തുല്യമായി വന്നതോടെയാണ് ഫെയർപ്ലേയിലൂടെ രണ്ടാം സ്ഥാനക്കാരെ കണ്ടെത്തേണ്ടിവന്നത്. മൂന്നു മത്സരങ്ങളിൽ നിന്നും ജപ്പാൻ നാല് മഞ്ഞക്കാർഡുകൾ വാങ്ങിയപ്പോൾ ആറു മഞ്ഞകാർഡുകൾ വാങ്ങിയ സെനഗൽ ജപ്പാന് പിന്നിലായി..ഒടുവിൽ ജപ്പാൻ പ്രീക്വാർട്ടർ യോഗ്യതയും സ്വന്തമാക്കി.