ലോകകപ്പ്;പെനാൽറ്റി..റെഡ്‌കാർഡ്..ഒടുവിൽ കൊളംബിയയെ ഞെട്ടിച്ച് ജപ്പാന് ആദ്യ ഗോൾ
June 19, 2018
ഗ്രൂപ്പ് എച്ചിൽ കൊളമ്പിയക്കെതിരായ മത്സരത്തിൽ ആദ്യ ഗോൾ നേടി ജപ്പാൻ. മത്സരത്തിന്റെ ആറാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ഷിൻജി കഗാവയാണ് ജപ്പാൻ ലീഡ് നേടിക്കൊടുത്തത്. ജപ്പാൻ താരത്തിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് പെനാൽറ്റി ബോക്സിൽ കൈകൊണ്ട് തടുത്തിട്ടതിനാണ് കൊളംബിയക്കെതിരെ റഫറി പെനാൽറ്റി വിധിച്ചത്. പെനാൽറ്റി ബോക്സിൽ പന്ത് കൈകൊണ്ട് തടഞ്ഞ കൊളംബിയൻ താരം കാർലോസ് സാഞ്ചസിന് റെഡ് കാർഡ് ലഭിച്ചതോടെ മത്സരത്തിന്റെ ആരംഭത്തിൽ തന്നെ ഇരട്ട പ്രഹരമേറ്റുവാങ്ങുകയായിരുന്നു കൊളംബിയ.
റഷ്യൻ ലോകകപ്പിലെ ആദ്യ റെഡ്‌കാർഡിന്റെ ഉടമയെന്ന ചീത്തപ്പേരുമായാണ് കാർലോസ് സാഞ്ചസ് കളിക്കളം വിട്ടത്. തുടക്കത്തിൽ തന്നെ ലഭിച്ച പെനാൽറ്റി എടുക്കാനെത്തിയ കഗാവ, കൊളംബിയൻ ഗോളി ഓസ്പിനയ്ക്ക് ഒരവസരവും നൽകാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു.