‘ഈ തോൽവി ഞങ്ങൾ അർഹിച്ചത്’-അപ്രതീക്ഷിത പടിയിറക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജോക്കിം ലോ
നിലവിലെ ലോക ചാമ്പ്യന്മാരെന്ന പകിട്ടുമായാണ് ജർമ്മനി റഷ്യൻ ലോകകപ്പിനെത്തിയത്..ശക്തമായ താരനിരയും അത്രമേൽ സുശക്തമായ റിസർവ് നിരയും കൂട്ടായുണ്ടായിരുന്ന ജർമനിക്ക് ഇത്തവണയും കിരീടപ്രതീക്ഷ കല്പിക്കപ്പെട്ടതുമാണ്.എന്നാൽ ലോകം മുഴുവനുമുള്ള ഫുട്ബാൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് ജോക്കിം ലോയുടെ ജർമനി പുറത്തായത്.
ലോകകപ്പിൽ നിന്നുള്ള അപ്രതീക്ഷിതമായ പടിയിറക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് പരിശീലകൻ ജോക്കിം ലോ. തങ്ങൾ അർഹിച്ച പരാജയമാണ് ജർമനിക്ക് പിണഞ്ഞതെന്നാണ് ജോക്കിം ലോ മാധ്യമങ്ങളോട് പറഞ്ഞത്..
“വിജയത്തിനായി ഞങ്ങൾ പരമാവധി ശ്രമിച്ചു..എന്നാൽ കളിയിൽ ഒരിക്കൽ പോലും മുന്നേറാനായില്ല..മെക്സിക്കോക്കെതിരെ സ്വീഡൻ ലീഡുയർത്തുന്നത് ഞങ്ങൾ അറിയുന്നുണ്ടായിരുന്നു..അതിനനുസരിച്ച് സമ്മർദ്ദത്തിന്റെ തീവ്രത വർധിച്ചതോടെ ഞങ്ങൾക്ക് സ്വാഭാവിക ഗെയിം പുറത്തെടുക്കാനായില്ല…അതുകൊണ്ടു തന്നെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള അർഹത ഞങ്ങൾക്കില്ല..”-ലോ കൂട്ടിച്ചേർത്തു..
എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ദക്ഷിണ കൊറിയ ജർമനിയെ തകർത്തത്. 93ാം മിനുട്ടിൽ കിം യോങ് ഗ്വോനും 96ാം മിനുട്ടിൽ സൺഹ്യുങ് മിനും നേടിയ ഗോളുകളാണ് സൗത്ത് കൊറിയയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. മൂന്നും മത്സരങ്ങളിൽ രണ്ടു തോൽവി പിണഞ്ഞ ജർമനി ഗ്രൂപ്പ് എഫ് ലെ അവസാന സ്ഥാനക്കാരെന്ന ചീത്തപ്പേരുമായാണ് റഷ്യയോട് വിട പറഞ്ഞത്.