കെഎസ്ആർടിസിക്കായി തീംസോങ്ങ് ഒരുങ്ങുന്നു; വരികൾ എഴുതാൻ ഉദ്യോഗസ്ഥരോട് അഭ്യർത്ഥനയുമായി തച്ചങ്കരി
നഷ്ടങ്ങളുടെ കണക്കുകൾ മാത്രം പറയാനുണ്ടായിരുന്ന കെഎസ്ആർടിസി ഇന്ന് വലിയ തിരിച്ചുവരവിന്റെ പാതയിലാണ്. ഇലക്ട്രിക്ക് ബസുകൾ നിരത്തിലിറക്കിയും, യഥാസമയം കൃത്യമായ സർവീസുകൾ നടത്തിയും കാര്യക്ഷമത വർധിപ്പിച്ച കേരള റോഡ് ട്രാൻസ്പോർട്ട് കോര്പറേഷൻ എന്ന കെഎസ്ആർടിസി മെയ് മാസത്തിൽ 207 കോടി രൂപയുടെ റെക്കോർഡ് വരുമാനമാണ് നേടിയത്.
പുത്തനുണർവ്വോടെ വരുമാനത്തിൽ റെക്കോർഡിട്ട കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു തീം സോങ് ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ടോമിൻ തച്ചങ്കരി നയിക്കുന്ന കെഎസ്ആർടിസി അതോറിറ്റിയിപ്പോൾ.
കെഎസ്ആർടിസിയുടെ എംഡിയായ ടോമിൻ തച്ചങ്കരി തന്നെയാണ് തീം സോങ് എന്ന പുതിയ ആശയത്തിന്റെയും അമരക്കാരൻ.പാട്ടിനായുള്ള സംഗീതവും സ്വയം തയ്യാറാക്കിയ തച്ചങ്കരി ഇപ്പോൾ ഉദ്യോഗസ്ഥരോട് പാട്ടിന്റെ വരികൾ എഴുതാൻ അഭ്യർത്ഥിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥർ രചിക്കുന്ന ഗാനങ്ങളിലെ ഏറ്റവും മികച്ച വരികൾ ഉൾച്ചേർത്തുകൊണ്ടാകും തീം സോങ് രചിക്കുക..
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കെഎസ്ആർടിസിയെ ഒരു സൂപ്പർ സ്റ്റാർ ആക്കി മാറ്റുകയെന്നതാണ് പുതിയ പരിഷ്കാരങ്ങളിലൂടെ ആധികൃതർ ലക്ഷ്യമിടുന്നത്.