‘മെസ്സിക്കും റൊണാൾഡോയ്ക്കും ഒപ്പം ഇന്ത്യയിൽ നിന്നും ഒരാൾ’; ഛേത്രിക്ക് അഭിനന്ദനവുമായി ലാ ലിഗ

June 6, 2018

കാൽപ്പന്തുകളിയുടെ അതിവിശാലമായ ഭൂപടത്തിൽ കാര്യമായൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കുഞ്ഞു രാജ്യമാണ് ഇന്ത്യ. പണക്കൊഴുപ്പിന്റെ  പകിട്ടിൽ അരങ്ങേറുന്ന  ആഭ്യന്തര ലീഗുകളുടെ മേന്മയോ, ലോകകപ്പിലെ മിന്നും പ്രകടനങ്ങളുടെ കണക്കുകളോ സ്വന്തമായില്ലാത്തവർ .

എന്നാൽ കാല്പന്തുകളിയിൽ ഒന്നും അവകാശപ്പെടാനില്ലാത്ത ഇന്ത്യയിൽ നിന്നും കാല്പന്തുകളിയിലെ ഏറ്റവും മികച്ചവരെന്ന് ലോകം വാഴ്ത്തുന്ന മഹാരഥന്മാർക്കൊപ്പം പേരെഴുതിച്ചേർത്തിരിക്കുകയാണ് ഇന്ത്യയുടെ ഫുട്ബാൾ നായകൻ സുനിൽ ഛേത്രി. അന്തരാഷ്ട്ര ഫുട്ബാളിൽ നിലവിലെ കളിക്കാരിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയാണ് സുനിൽ ഛേത്രി ഫുട്ബാൾ ലോകത്ത് ഇന്ത്യയെ അടയാളപ്പെടുത്തിയത്. പോർച്ചുഗലിന്റെ ‘ഫുട്ബാൾ ‘രാജാവ്  റൊണാൾഡോയ്ക്കും അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സിക്കും പിറകിലായാണ് സുനിൽ ഛേത്രി ഇടം നേടിയിരിക്കുന്നത്.

ഗോൾ സ്‌കോർമാരിൽ ഇതിഹാസങ്ങൾക്കൊപ്പം മൂന്നാം സ്ഥാനത്തെത്തിയതോടെ ഛേത്രിക്ക് ലോകമെങ്ങും അഭിനന്ദനപ്രവാഹമാണ്.ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളും ടോട്ടനം ഹോട്സ്പറുമടക്കം നിരവധി പ്രമുഖ ക്ലബുകൾ ഛേത്രിക്ക് അഭിനന്ദനമറിയിച്ചു.

ലോക ഫുട്ബോളിലെ തന്നെ ഏറ്റവും തിളക്കമേറിയ ലീഗുകളിൽ ഒന്നായ ലാലിഗയും അവരുടെ ഒഫിഷ്യൽ ഫേസ്ബുക് പേജിലൂടെ ഇന്ത്യൻ ഫുട്ബാൾ നായകന് ആശംസകൾ അർപ്പിച്ചു. ” അന്താരാഷ്ട ഗോൾ സ്കോറര്മാരുടെ പട്ടികയിൽ  നമ്മുടെ റൊണാൾഡോയ്ക്കും മെസ്സിക്കും ഒപ്പം  സുനിൽ ഛേത്രി മൂന്നാം സ്ഥാനത്ത്…എന്നു തുടങ്ങുന്ന ക്യാപ്ഷനോടെയാണ്  ലാ ലീഗ ഫേസ്ബുക് പേജിൽ അഭിനന്ദനമറിയിച്ചത്.ക്യാ ബാത്ത് ഹേ ഭായ്..സഭാഷ് എന്ന ഹിന്ദി വാചകവും ലാലിഗ പേജിൽ കാണാം

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്കായി നൂറു മത്സരങ്ങൾ പൂർത്തിയാക്കിയ ഛേത്രി 61 ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. 124 മത്സരങ്ങളിൽ അർജന്റീനയ്‌ക്കായി ബൂട്ടണിഞ്ഞ മെസ്സി 6 4 ഗോളുകളുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നു.  പോർചുഗലിനായി 149 മത്സരങ്ങളിൽ 81 തവണ എതിർവല കുലുക്കിയ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് പട്ടികയിലെ ഒന്നാമൻ.