നെയ്മറെ റാഞ്ചാനൊരുങ്ങി റയലും മാഞ്ചസ്റ്റർ യുണൈറ്റഡും; സൂപ്പർ ക്ലൈമാക്സിൽ ട്രാൻസ്ഫർ ജാലകം

June 9, 2018

ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്ററ്‌ ജർമൈന്റെ ബ്രസീലിയൻ സ്‌ട്രൈക്കർ നെയ്മറെ സ്വന്തമാക്കാനൊരുങ്ങി  റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും.ബ്രിട്ടനിലെ പ്രമുഖ മാധ്യമം ‘ദി സണാണ്’ ബ്രസീലിയൻ താരത്തിനായി സ്പാനിഷ് ലീഗിലെയും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും വമ്പന്മാർ ശ്രമിക്കുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്..

300 മില്യൺ ഡോളറിന്റെ ലോക റെക്കോർഡ്  തുകയ്ക്ക് നെയ്മറെ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന റയൽ മാഡ്രിഡാണ് മത്സരത്തിൽ മുൻപിലുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആക്രമണത്തിന് മൂർച്ച കൂട്ടാനുള്ള തന്ത്രങ്ങൾ മെനയുന്ന ഹോസെ മൗറിഞ്ഞോയും താരത്തെ സ്വന്തമാക്കണമെന്ന് യുണൈറ്റഡ് മാനേജ്‍മെന്റിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ സമ്മർ വിൻഡോയിൽ 200  മില്യന്റെ റെക്കോർഡ് തുകയ്ക്ക് ബാഴ്സയിൽ നിന്നുമാണ് നെയ്മർ പിഎസ്ജിയിലെത്തിയത്. ഫ്രഞ്ച് ചാമ്പ്യന്മാർക്കായി 35 മത്സരങ്ങൾ കളിച്ച താരം 27 ഗോളുകളുമായി തന്റെ പ്രതിഭ തെളിയിച്ചുവെങ്കിലും പിഎസ്ജിയിൽ താരം അസന്തുഷ്ടനാണെന്ന് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പിഎസ്ജിയുടെ മുൻ  പരിശീലകൻ എംറേയുമായും സൂപ്പർ താരം എഡിസൺ കവാനിയുമായി കലഹമുണ്ടാക്കിയതോടെയാണ് താരത്തിന്റെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ശക്തമായത്.