ഫ്രെഡിനു ശേഷം പോർച്ചുഗൽ സൂപ്പർ താരത്തെയും സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

June 7, 2018

എഫ് സി പോർട്ടോയുടെ പോർച്ചുഗൽ താരം ഡിയഗോ ഡാലോട്ടിനെ സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. പോർച്ചുഗലിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന 19 കാരൻ ഡാലോട്ടുമായി അഞ്ചു വർഷത്തെക്കാണ് യുണൈറ്റഡ് കരാറിലെത്തിയിരിക്കുന്നത്.

“വളരെ പെട്ടെന്നുതന്നെ ഒരു ലോകോത്തര താരമായി മാറാനുള്ള എല്ലാ കഴിവുകളുമുള്ള ഒരു യുവ പ്രതിരോധ നിര താരമാണ്  ഡാലോട്ട്..ഭാവിയിൽ അദ്ദേഹം യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറും” ഡാലോട്ടുമായി  കരാറിലേർപ്പെട്ടതിനു ശേഷം യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറിഞ്ഞോ പറഞ്ഞു..

”ഒരു ഫുൾ ബാക്ക് കളിക്കാരന് വേണ്ട സാങ്കേതികവും ശാരീരികവുമായ എല്ലാ ഗുണങ്ങളും ഒത്തുചേർന്ന കളിക്കാരനാണ് ഡാലോട്ടെന്നും പോർട്ടോ അക്കാദമിയിലെ പരിശീലനം അദ്ദേഹത്തെ തികഞ്ഞ ഒരു പ്രൊഫഷണൽ ഫുട്ബാൾ താരമാക്കി മാറ്റിയെന്നും മൗറിഞ്ഞോ കൂട്ടിച്ചേർത്തു.

ഉക്രൈൻ ക്ലബ് ഷാക്തറിൽ  നിന്നും ബ്രസീലിയൻ മിഡ്‌ഫീൽഡർ ഫ്രെഡിനെ സ്വന്തമാക്കി ട്രാൻസ്ഫർ ജാലകത്തെ ഞെട്ടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മറ്റൊരു മികച്ച താരത്തെ കൂടി സ്വന്തം പാളയത്തിലെത്തിച്ചുകൊണ്ട് ടീമിനെ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.52 മില്യൺ പൗണ്ടിനാണ് ഫ്രെഡിനെ യുണൈറ്റഡ് സ്വന്തമാക്കിയത്.