“ഇതല്ല എന്റെ ടീം ആഗ്രഹിച്ചത്…”പെനാൽട്ടി നഷ്ടത്തിൽ ഖേദം പ്രകടിപ്പിച്ച് മെസ്സി..

June 17, 2018

ഐസ്ലാൻഡിനെതിരായ മത്സരത്തിൽ  നിർണ്ണായകമായ പെനാൽട്ടി  നഷ്ട്ടപ്പെടുത്തിയതിൽ ദുഃഖം പ്രകടിപ്പിച്ച് ലയണൽ മെസ്സി..വിജയിക്കാമായിരുന്ന മത്സരം  സമനിലയിലായതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്നും പെനാൽട്ടി ഗോളായി മാറിയിരുന്നെങ്കിൽ മത്സരഫലം തന്നെ മറ്റൊന്നാകുമായിരുന്നെവെന്നും മത്സര ശേഷം മെസ്സി പറഞ്ഞു.

“ഐസ്ലാൻഡ് പ്രതിരോധം ഭേദിച്ച് ഗോൾ നേടാനായി കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷെ ഞങ്ങളുടെ എല്ലാ ശ്രമങ്ങളും നിഷ്ഫലമായിപ്പോയി. ഒരു പോയിന്റുമായി ടൂർണമെന്റ് തുടങ്ങേണ്ടി വന്നതിൽ അതിയായ ദുഖമുണ്ട്. വിജയത്തോടെ ലോകകപ്പിന് തുടക്കമിടുകയെന്നതായിരുന്നു  ടീമിന്റെ ലക്ഷ്യം”- മെസ്സി പറഞ്ഞു.

മത്സരത്തിന്റെ 63ാം മിനുട്ടിലാണ് റഫറി അർജെന്റിനക്കനുകൂലമായ പെനാൽറ്റി വിധിച്ചത്. അതി സമ്മർദവുമായി കിക്കെടുത്ത മെസ്സിയുടെ ദുർബലമായ ഷോട്ട് ഐസ്ലാൻഡ് ഗോൾ കീപ്പർ തട്ടിയകറ്റുകയായിരുന്നു.മത്സരത്തിൽ ഏറിയ പങ്കും പന്ത് കൈവശം വെച്ചു കളിച്ചിട്ടും ഗോൾ നേടാൻ കഴിയാതെ പോയതാണ് അർജന്റീനക്ക് വിനയായത്. അഗ്യൂറോ,മെസ്സി, ഡി മരിയ തുടങ്ങി ലോകോത്തര താരങ്ങളെ അനങ്ങാൻ അനുവദിക്കാതെ കത്രികപ്പൂട്ടിനാൽ തളച്ചിട്ട ഐസ്ലാൻഡ് പ്രതിരോധമാണ് മത്സരഫലം നിർണയിച്ചത്.