റഷ്യൻ ലോകകപ്പിലെ താരങ്ങളെ പ്രവചിച്ച് ലയണൽ മെസ്സി

June 9, 2018

കാൽപന്തുകളിയിൽ  ലോകം കണ്ടതിൽ വെച്ചേറ്റവും മികച്ച കളിക്കാരനായി വിലയിരുത്തപ്പെടുന്ന താരമാണ് ലയണൽ മെസ്സി. ലോകത്തെ തന്റെ മാന്ത്രിക കാലുകളുമായി ഫുട്ബാൾ മൈതാനങ്ങളിൽ വിസ്മയം തീർത്തുകൊണ്ട് ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയപ്പോഴും   അർജന്റീനയുടെ ദേശീയ ജേഴ്‌സിയിൽ കിരീടങ്ങളൊന്നും നേടാൻ കഴിയാത്ത താരമാണ്  മെസ്സി.   നാലു വർഷങ്ങൾക്കു മുൻപ് നടന്ന ബ്രസീലിയൻ ലോകകപ്പിൽ ഫൈനലിൽ ജർമ്മനിക്ക് മുൻപിൽ കീഴടങ്ങേണ്ടി വന്നതിന്റെ മുറിവുമായി റഷ്യയിലെത്തിയ മെസ്സിയും സംഘവും കിരീടത്തിൽ കുറഞ്ഞൊരു സ്വപ്നംവും കാണുന്നുണ്ടാവില്ല .

കരുത്തിൽ തങ്ങളേക്കാൾ കേമന്മാരായി  പല ടീമുകളുമുണ്ടെങ്കിലും റഷ്യയിൽ കിരീടമുയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മെസ്സി.  ഫുട്ബാൾ ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന റഷ്യൻ ലോകകപ്പിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ സാധ്യതയുള്ള താരങ്ങളെ പ്രവചിചിക്കാനും  അർജന്റീന നായകൻ ലയണൽ മെസ്സി മടിച്ചില്ല.

മെസ്സിയുടെ അഭിപ്രായത്തിൽ ബ്രസീലാണ് റഷ്യയിൽ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീം. നെയ്മറും കൗട്ടീഞ്ഞോയും ഈ ടൂർണമെന്റിൽ തങ്ങളുടെ പ്രതാപത്തിലേക്കുയരുമെന്നും ബ്രസീൽ ഏറെ മുന്നേറുമെന്നും താരം പ്രവചിക്കുന്നു.

സ്പെയിനിന്റെ ആന്ദ്രേ ഇനിയേസ്റ്റ, ഡേവിഡ് സിൽവ, ബെൽജിയത്തിന്റെ ഏദൻ ഹസാർഡ്, കെവിൻ ഡി ബ്രൂയ്ൻ, ഫ്രാൻസിന്റെ അന്റോണിയോ ഗ്രീസ്മാൻ, എംബപ്പ തുടങ്ങിയവരും ലോകകപ്പിലെ സൂപ്പർ താരങ്ങളാവാൻ സാധ്യതയുണ്ടെന്നാണ് മെസ്സിയുടെ പ്രവചനം.