മായാജാലം തുടരാൻ റോണോ ഇന്നിറങ്ങുന്നു; ചങ്കിടിപ്പോടെ മൊറോക്കൻ പ്രതിരോധം

June 20, 2018

 


റോണോയെന്ന ഫുട്ബാൾ ജീനിയസ് ഫോമിലെത്തിയാൽ പിന്നെ അസാധ്യമായതൊന്നുമില്ല…!അതുകൊണ്ടാണ് ലോകോത്തര താരങ്ങളുടെ പകിട്ടുമായെത്തിയ സ്പെയിനിനെതിരെ അയാൾ ഒറ്റക്ക് പൊരുതി സമനില നേടിയത്. റാമോസ്, പിക്വേ. ജോർഡി അൽബ, നാച്ചോ എന്നിവർ ചേർന്നൊരുക്കിയ പ്രതിരോധകോട്ട, കുറിയ പാസുകളുമായി മൈതാന മധ്യം കീഴടക്കാൻ കെൽപ്പുള്ള ഇനിയേസ്റ്റയും ബുസ്കേറ്റ്സും, മുന്നേറ്റത്തിൽ ഡീഗോ കോസ്റ്റയും ഇസ്കോയും ഡേവിഡ് സിൽവയും…എല്ലാത്തിനും പുറമെ നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പറെന്ന് ഫുട്ബാൾ ലോകം വാഴ്ത്തുന്ന ഡേവിഡ് ഗിയയുടെ സംരക്ഷണം…എതിരാളികളുടെ ചങ്കിടിപ്പിക്കുന്ന ലൈൻ അപ്പുമായാണ് സ്പെയിൻ കളിക്കാനിറങ്ങിയത്.

എന്നാൽ സ്പെയിൻ അണിനിരത്തിയ ഈ ആയുധങ്ങൾക്കെല്ലാം പകരമായി പോർച്ചുഗൽ നിരയിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു..ക്രിസ്ത്യാനോ റൊണാൾഡോ ഡോസ് സാന്റോസ് അവെയ്‌റോ എന്ന റോണോ…അയാൾ ഏകനായിരുന്നു..റോണോയുടെ പന്തടക്കത്തിനും വേഗത്തിനും ഇന്ധനം പകരാൻ കെൽപ്പുള്ള ഒരു പ്രകടനവും സഹകളിക്കാരിൽ നിന്നും ലഭിച്ചതുമില്ല..എന്നിട്ടും റോണോയുടെ പോർച്ചുഗൽ രണ്ടു തവണ മത്സരത്തിൽ മുന്നിലെത്തി…ഗോളടി മേളത്തിന്റെ മൂന്നാം റൗണ്ടിൽ കണ്ണടച്ച് തുറക്കും മുന്നേ പോർച്ചുഗൽ പിറകിലായിപ്പോയപ്പോൾ അയാൾ വീണ്ടും രക്ഷകനായി..88ാം മിനുട്ടിൽ റോണോക്ക് മാത്രം സാധ്യമായ മാജിക്കിലൂടെ അയാൾ പോർച്ചുഗലിനെ സമനിലയുടെ സുരക്ഷിത തീരത്തെത്തിച്ചു.


റഷ്യൻ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് പിറന്ന മത്സരത്തിൽ റോണോയുടെ മികവെന്തെന്ന് ഫുട്ബാൾ ലോകം കണ്ടറിഞ്ഞതാണ്..! അതേ റോണോ ഇന്ന് വീണ്ടും ഇറങ്ങുകയാണ്…!കാൽപ്പന്തു കളിയിൽ വലിയ മേൽവിലാസങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത മൊറോക്കയ്‌ക്കെതിരെ…ഇറാനെതിരായ ആദ്യ മത്സരത്തിൽ അവസാന നിമിഷം സെൽഫ് ഗോളിലൂടെ പരാജയമേറ്റുവാങ്ങിയ മൊറോക്കോയ്ക്ക് ഇനിയൊരു തോൽവി കൂടി പിണഞ്ഞാൽ പിന്നെ തിരിച്ചുവരവില്ല..

അസാധ്യ ഫോമിൽ കളിക്കുന്ന റൊണാൾഡോയ്ക്ക് കൂച്ചുവിലങ്ങിട്ടാൽ മാത്രമേ മൊറോക്കയയ്ക്ക് വിജയത്തിലേക്കുള്ള ആദ്യ പടി ചവിട്ടാനാകു.പക്ഷെ റോണോക്കൊപ്പം സഹ താരങ്ങൾ കൂടി ഫോമിലെത്തിയാൽ ടൂർണമെന്റിലെ ആദ്യ വിജയത്തോടെ കരുത്തു തെളിയിക്കാനാകുമെന്നാണ് പോർച്ചുഗൽ ടീമിന്റെ പ്രതീക്ഷ. പോർചുഗലിനെ യൂറോപ്പിന്റെ ചാമ്പ്യന്മാരാക്കിയ സാന്റോസ് എന്ന ബുദ്ധിമാനായ കോച്ച് ഇന്നും പല തന്ത്രങ്ങളും കരുതിവെച്ചിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ അട്ടിമറികളാൽ സമൃദ്ധമായ റഷ്യൻ ലോകകപ്പിൽ കാലിടറിയ പ്രമുഖരുടെ പട്ടികയിൽ പോർച്ചുഗലിന്റെ പേരെഴുതിചേർക്കാൻ മൊറോക്കോയ്ക്ക് കഴിയുമോ എന്നും കാത്തിരിക്കാം…മറ്റൊരു റോണോ മാജിക്കിനായി ആരാധക ലക്ഷങ്ങൾ കാത്തിരിക്കവെ ഇന്ന് വൈകീട്ട് 5 .30 നാണ് പോർച്ചുഗൽ- മൊറോക്കോ മത്സരം ആരംഭിക്കുക