ഐസ്ലാൻഡിന് നൈജീരിയൻ ഷോക്ക്; ഇരട്ട ഗോളുകളുമായി മുസ

June 22, 2018


ഐസ്ലാൻഡ് ഒരുക്കിയ പ്രതിരോധപ്പൂട്ടിനെ ഇരട്ട ഗോളുകളാൽ തകർത്തെറിഞ്ഞ് നൈജീരിയൻ കുതിപ്പ്.മെസ്സിയെയും സംഘത്തെയും പൂട്ടിയ പ്രതിരോധക്കരുത്തുമായെത്തിയ ഐസലാൻഡ് പടക്കെതിരെ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നൈജീരിയ രണ്ടു ഗോളുകളും നേടിയത്. 49, 75 മിനിറ്റുകളിൽ അഹമ്മദ് മൂസയാണ് നൈജീരിയയ്ക്കായി വല കുലുക്കിയത്.

 

മത്സരത്തിന്റെ ആദ്യ പകുതിയിൽ കാര്യമായ ചലനമൊന്നും ഉണ്ടാക്കാനാകാതെ പതറിയ നൈജീരിയൻ സംഘം പക്ഷെ രണ്ടാം പകുതിയിൽ വർധിത വീര്യവുമായി കളിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് നാലാം മിനുട്ടിൽ തന്നെ അഹമ്മ്ദ് മൂസ നൈജീരിയയെ മുന്നിലെത്തിച്ചു. 75ാം മിനുട്ടിൽ ഐസ്ലാൻഡ് പ്രതിരോധത്തെ ഒരിക്കൽ കൂടി സമർത്ഥമായി കബളിപ്പിച്ച മൂസ ഗോളിയില്ലാത്ത പോസ്റ്റിലേക്ക് നിറയൊഴിച്ചുകൊണ്ടാണ് തന്റെ രണ്ടാം ഗോൾ നേടിയത് .മത്സരത്തിന്റെ 80ാം മിനുട്ടിൽ ഐസ്ലാൻഡിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ടീമിലെ വിശ്വസ്തനായ മുന്നേറ്റ താരം സിഗർഡ്സൺ പന്ത് പുറത്തേക്കടിച്ചു..

ഐസ്ലാൻഡ് രണ്ടു ഗോൾ പരാജയം രുചിച്ചതോടെ ടൂർണമെന്റിൽ പുറത്താകൽ വക്കിലുള്ള അർജന്റീനയുടെ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വെച്ചു. അവസാന മത്സരത്തിൽ നൈജീരിയയെ തോൽപ്പിക്കുകയും ക്രൊയേഷ്യക്കെതിരെ ഐസ്ലാൻഡ് വിജയിക്കാതിരിക്കുകയും ചെയ്താൽ മെസ്സിക്കും സംഘത്തിനും പ്രീ ക്വാർട്ടറിലേക്ക് മുന്നേറാം.