റിനോ ആന്റോ ബ്ലാസ്റ്റേഴ്‌സ് വിട്ടു; കൂടുമാറുന്നത് തന്റെ പഴയ ക്ലബ്ബിലേക്ക്

June 2, 2018

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം റിനോ ആന്റോ ടീം വിട്ടു. ബ്ലാസ്റ്റേഴ്‍യ്സന്റെ ബദ്ധവൈരികളായ ബാംഗ്ലൂർ എഫ് സിയിലേക്കാണ് താരം കൂടുമാറുന്നത്. റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന റിനോ ആന്റോ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2016 ൽ ലോൺ അടിസ്ഥാനത്തിൽ ബാംഗ്ലൂരിൽ നിന്നുമാണ് റിനോ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെത്തിയത്.

ആദ്യ സീസണിൽ മൂന്നു കളികൾ മാത്രമേ കളിക്കാൻ  സാധിച്ചുള്ളുവെങ്കിലും റിനോയിൽ വിശ്വാസമർപ്പിച്ച ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് താരത്തെ ടീമിൽ നിലനിർത്തുകയായിരുന്നു. ടാറ്റ ഫുട്ബാൾ അക്കാദമിയിലൂടെ കാൽപ്പന്തുകളിയുടെ ലോകത്തെത്തിയ റിനോ മോഹൻബഗാനൻ, സാൽഗോക്കർ ടീമുകൾക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്.

അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും നൽകിയ മലയാളി ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് റിനോ ആന്റോ ബ്ലാസ്റ്റേഴ്‌സ് വിടുന്നത്. കരിയറിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകളായിരുന്നു ബ്ലാസ്റ്റേഴ്‌സിലെന്നും പരിക്കിന്റെ പിടിയിലമർന്നപ്പോഴും തന്നിൽ വിശ്വാസമർപ്പിച്ച ആരാധകരും ടീം മാനേജ്‍മെന്റും നൽകിയ പിന്തുണ ഒരിക്കലും മറക്കുകയില്ലെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.