ലോകകപ്പ്; അട്ടിമറികൾ തുടർക്കഥയാകുന്നു; സെനഗൽ കരുത്തിൽ കാലിടറി പോളിഷ് പട

June 20, 2018

 

വമ്പൻ ടീമുകളെ കിടുകിടാ വിറപ്പിക്കുന്ന കുഞ്ഞൻ ടീമുകൾ അരങ്ങു വാഴുന്ന ലോകകപ്പാണ് റഷ്യയിലെതെന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. ഫുടബോളിന്റെ മിശിഹ സാക്ഷാൽ ലയണൽ മെസ്സിയുടെ അർജന്റീനയെ സമനിലയിൽ തളച്ചുകൊണ്ട് ഐസ്ലാൻഡാണ്  ഈ ലോകകപ്പിലെ കുഞ്ഞൻമാർക്കുള്ള വഴി വെട്ടിതുറന്നത്.

പിന്നീട് കാനറികളെ ഒരു ഗോൾ സമനിലയിൽ തളച്ചുകൊണ്ട് സ്വിറ്റ്‌സർലാൻഡും കരുത്തു തെളിയിച്ചപ്പോൾ അർജന്റീനൻ ആരാധകരും ബ്രസീൽ ആരാധകരും ഒരുപോലെ നിശബ്ദരായി. എന്നാൽ ലോകകപ്പിലെ വമ്പൻ അട്ടിമറിക്കുള്ള റിഹേഴ്സൽ മാത്രമായിരുന്നു അതെന്ന് പിന്നീടാണ് ബോധ്യമായത്. നിലവിലെ ജേതാക്കളും, കരുത്തിൽ മറ്റെല്ലാ ടീമുകളേക്കാൾ മുമ്പന്മാരുമായ ജർമ്മനിയെ, മെക്സിക്കോ ഒരു ഗോൾ വ്യതാസത്തിൽ തോൽപ്പിച്ചു വിട്ടപ്പോൾ ഫുട്ബാൾ ലോകം ഒന്നടങ്കം അമ്പരന്നു.

കഴിഞ്ഞ വർഷത്തെ ഗോൾഡൻ ബൂട്ടുകാരൻ ജെയിംസ് റോഡിഗ്രസിന്റെ കൊളംബിയയെ മുട്ടുകുത്തിച്ചുകൊണ്ട്  ഏഷ്യയിൽ നിന്നുള്ള ജപ്പാനും തങ്ങളുടെ റോൾ ഭംഗിയാക്കി. അട്ടിമറിക്കളികളിൽ ഏറ്റവും ഒടുവിലായി കാലിടറിയത്  ലെവൻഡോസ്കിയുടെ സ്വന്തം പോളണ്ടിനാണ്. അട്ടിമറിക്ക് പണ്ടേ പേരുകേട്ട സെനഗലാണ്  പോളിഷ് പടയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തുരത്തിയത്.

പോളണ്ടിനെതിരെ മികച്ച മുന്നേറ്റങ്ങളുമായി ആക്രമണങ്ങൾ മെനഞ്ഞ സെനഗലിന് 37ാം മിനുട്ടിലാണ് ആദ്യ ഗോൾ നേടിയത്. സെനഗൽ താരം ഇദ്രസ് ഗുയെയുടെ ഷോട്ട് പോളിഷ് പ്രതിരോധ താരം തിയാഗോ കൊയ്‌നൊക്കിന്റെ കാലിൽ തട്ടി ഡിഫ്ലെക്ഷനിലൂടെ ഗോളായി മാറുകയായിരുന്നു.

രണ്ടാം പകുതിയിൽ എല്ലാം മറന്ന് ആക്രമിച്ചു കളിക്കാനിറങ്ങിയ പോളിഷ് പടയുടെ പ്രതിരോധ പിഴവ് മുതലെടുത്തുകൊണ്ട് 60 ാം മിനുട്ടിൽ എംബായെ നിയാങ്  സെനഗലിന്റെ രണ്ടാം ഗോളും നേടി.86ാം  മിനുട്ടിൽ ക്രിഷോവിയക്കിലൂടെ പോളണ്ട് ഒരു ഗോൾ മടക്കിയെങ്കിലും 2-1 എന്ന സ്കോറിന്  മത്സരം  സെനഗൽ സ്വന്തമാക്കി