വിഏആർ തുണച്ചു; മൊറോക്കോക്കെതിരെ സമനില പിടിച്ച് സ്പെയിൻ

June 26, 2018


ഗ്രൂപ്പ് ബി യിലെ നിർണ്ണായക മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനിനെ വിറപ്പിച്ച് മൊറോക്കോ. മറ്റൊരു അട്ടിമറിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചു സമനില പാലിക്കുകയായിരുന്നു.
14ാം മിനുട്ടിൽ ഖാലിബ് ബുതൈബും 81 ാാ മിനുട്ടിൽ യുസഫ് നസ്രിയുമാണ് മൊറോക്കോയ്ക്കായി വല കുലുക്കിയത്. 19ാം മിനുട്ടിൽ ഇസ്കോയിലൂടെ ആദ്യ ഗോൾ മടക്കിയ മുൻ ലോക ചാമ്പ്യന്മാർ കളിയുടെ അധിക സമയത്താണ് രണ്ടാം സമനില ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ അസ്പാസാണ് സ്പെയിനിനെ രക്ഷിച്ച ഗോൾ നേടിയത്.

മത്സരം ആരംഭിച്ച് 14ാം മിനുട്ടിൽ തന്നെ സ്പെയിനിനെ ഞെട്ടിച്ചുകൊണ്ട് മൊറോക്കോ വല കുലുക്കുകയായിരുന്നു.സ്പെയിൻ പ്രതിരോധ താരങ്ങൾ വരുത്തിയ പിഴവ് മുതലെടുത്ത ഖാലിബ് ബുതൈബ് ഗോളി ഡി ഗിയയെ കാഴ്ചക്കാരനാക്കി വല കുലുക്കുകയായിരുന്നു.

അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിൽ പതറാതെ മുന്നേറിയ സ്പെയിൻ അഞ്ചു മിനിട്ടുകൾക്ക് ശേഷം ഇസ്കോയിലൂടെ സമനില ഗോൾ നേടി.മധ്യനിര താരം ഇനിയേസ്റ്റ നൽകിയ പാസ് സ്വീകരിച്ച ഇസ്കോ പെനാൽറ്റിബോക്സിൽ നിന്നും വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചു കളിച്ചിട്ടുംഗോൾ നേടാൻ കഴിയാതിരുന്ന സ്പെയിനിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടാണ് മൊറോക്കോ രണ്ടാം ഗോൾ നേടിയത്. മൊറോക്കൻ താരമെടുത്ത കോർണർ കിക്ക് സമർത്ഥമായി വലയിലേക്ക് തിരിച്ചുവിട്ടുകൊണ്ട് യുസഫ് നസ്രിയാണ് മൊറോക്കോയ്ക്ക് വിജയ പ്രതീക്ഷ നൽകിയത്.എന്നാൽ കളിയുടെ അധിക സമയത്ത് രക്ഷകനായെത്തിയ അസ്പാസിലൂടെ സ്പെയിൻ സമനില കണ്ടെത്തി. അസ്പാസ് നേടിയ രണ്ടാം ഗോൾ ലൈൻ റഫറി ഓഫ് സൈഡ് വിളിച്ചുവെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെ ഓഫ്‌സൈഡ് അല്ലെന്നു കണ്ടെത്തുകയും ഗോൾ അനുവദിക്കുകയും ചെയ്യുകയായിരുന്നു.


മൂന്നു കളികളിൽ ഒരു വിജയവും രണ്ടു സമനിലയുമായി സ്പെയിൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലെത്തി. ഇറാനോട് സമനില വഴങ്ങിയ പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാർട്ടറിലെത്തി.