ലോകകപ്പ്; സൗത്ത് കൊറിയക്കെതിരെ ഒരു ഗോൾ വിജയവുമായി സ്വീഡൻ

June 18, 2018

ഗ്രൂപ്പ് എഫ് ലെ രണ്ടാം മത്സരത്തിൽ സൗത്ത് കൊറിയക്കെതിരെ ഒരു ഗോൾ   വിജയം സ്വന്തമാക്കി സ്വീഡൻ.മത്സരത്തിന്റെ 65ാം മിനുട്ടിൽ ആന്ദ്രെസ് ഗ്രാൻക്വിസ്റ്റ്  പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് സ്വീഡന് നിർണ്ണായകമായ  വിജയമൊരുക്കിയത്. മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച സ്വീഡൻ തന്നെയാണ്  കളിയിൽ മികച്ചു നിന്നത്. പലപ്പോഴും സ്വീഡിഷ് ആക്രമണവും കൊറിയൻ പ്രതിരോധവും തമ്മിലുള്ള ബലപരീക്ഷണമായി മാറിയ മത്സരത്തിൽ സ്വീഡന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല..

ജർമ്മനിയും  മെക്സിക്കോയുമടങ്ങുന്ന എഫ് ഗ്രൂപ്പിൽ നിന്നും അടുത്ത ഘട്ടത്തിലേക്ക് മുന്നേറണമെങ്കിൽ വിജയം അനിവാര്യമാണെന്ന തിരിച്ചറിവോടെയാണ് സ്വീഡൻ കളി ആരംഭിച്ചത്. നിരന്തരമായ അക്രമണങ്ങളിലൂടെ സൗത്ത് കൊറിയൻ പ്രതിരോധത്തെ പരീക്ഷിച്ച സ്വീഡൻ  പക്ഷെ ആദ്യ പകുതിയിൽ ഗോളൊന്നും നേടാൻ കഴിഞ്ഞില്ല ഒടുവിൽ മത്സരത്തിന്റെ 65ാം മിനുട്ടിൽ ലഭിച്ച അർഹിച്ച പെനാൽറ്റിയിലൂടെ   മുന്നിലെത്തിയ സ്വീഡന് അവസാന നിമിഷങ്ങളിലും ഗോളവസരങ്ങൾ ലഭിച്ചുവെങ്കിലും ഗോൾ മാത്രം അകന്നു നിന്നു