ഗ്രൂപ്പ് ചാമ്പ്യന്മാരായി ഉറുഗ്വ പ്രീക്വർട്ടറിൽ; റഷ്യയെ തകർത്തത് മൂന്നു ഗോളുകൾക്ക്

June 25, 2018

ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരെ നിർണ്ണയിക്കുന്ന മത്സരത്തിൽ ആതിഥേയരായ റഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഉറുഗ്വ..സൂപ്പർ താരങ്ങളായ  ലൂയി സുവാരസും എഡിസൺ കവാനിയും ഇരു പകുതികളിലുമായി ഓരോ ഗോൾ വീതം നേടിയപ്പോൾ റഷ്യൻ താരം ഡെന്നിസ് ചെരിഷേവിന്റെ സെൽഫ് ഗോളാണ് ഉറുഗ്വായ്ക്ക് മൂന്നു ഗോൾ വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ പത്താം മിനുട്ടിൽ ലൂയി സുവാരസാണ് ഉറുഗ്വയ്ക്കായി ആദ്യ ഗോൾ നേടിയത്. 23ാം മിനുട്ടിൽ ചെറിഷേവിന്റെ  സെൽഫ് ഗോളിലൂടെ ഉറുഗ്വയ്ക്ക് രണ്ടാം ഗോൾ സമ്മാനിച്ചു.രണ്ടു ഗോൾ കടവുമായി രണ്ടാം പകുതി ആരംഭിച്ച റഷ്യ ഗോൾ മടക്കാൻ ശ്രമിച്ചുവെങ്കിലും സംഘടിതമായ ഉറുഗ്വൻ പ്രതിരോധം അവയെല്ലാം നിർവീര്യമാക്കുകയിരുന്നു.

രണ്ടാം പകുതിയിലുംആക്രമിച്ചു കളിച്ച ഉറുഗ്വ തന്നെയാണ് കളി നിയന്ത്രിച്ചത്.  ഗോൾ മടക്കാനുള്ള റഷ്യയുടെ ശ്രമങ്ങൾക്കിടെ നിശ്ചിത സമയത്തിന്റെ അവസാന നിമിഷങ്ങളിൽ എഡിസൺ കവാനിയാണ് ഉറുഗ്വായുടെ മൂന്നാം ഗോൾ നേടിയത്.

മൂന്നു മത്സരങ്ങളും വിജയിച്ച ഉറുഗ്വ 9 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോൾ രണ്ടു വിജയവും ഒരു തോൽവിയുമായി ആറു പോയിന്റോടെ റഷ്യ രണ്ടാം സ്ഥാനവും നേടി. തോൽവി രുചിച്ചെങ്കിലും ആതിഥേയരായ റഷ്യയും ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ കടന്നു. ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായാണ് ഉറുഗ്വ പ്രീക്വാർട്ടറിൽ ഏറ്റുമുട്ടുക. ബി ഗ്രൂപ്പിലെ ചാമ്പ്യന്മാരുമായി റഷ്യയും പ്രീ ക്വാർട്ടർ കളിക്കും.