ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളുടെ ഫോബ്സ് പട്ടികയിൽ ഇടം നേടി വിരാട് കോഹ്ലി
ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി. ഫോബ്സ് പുറത്തിറക്കിയ 100 കായിക താരങ്ങളുടെ പട്ടികയിൽ 83ാം സ്ഥാനമാണ് ഇന്ത്യയുടെ ‘റൺ മെഷീൻ’ സ്വന്തമാക്കിയത് .ഫോബ്സ് മാസികയുടെ കണക്കുകൾ പ്രകാരം അമേരിക്കയുടെ ബോക്സിങ് താരം മെയ്വെതറാണ് പട്ടികയിലെ ഒന്നാമൻ. 285 മില്യൺ ഡോളറാണ് 41 കാരനായ മെയ്വെതറുടെ വാർഷിക വരുമാനം.
അർജന്റീനയുടെ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി 84 മില്യൺ ഡോളറുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് പട്ടികയിലെ മൂന്നാമൻ.
24 മില്യൺ ഡോളർ വരുമാനമുള്ള വിരാട് കോഹ്ലിയാണ് പട്ടികയിലെ ഏക ഇന്ത്യൻ സാന്നിധ്യം. കോണർ മക്ക്ഗ്രിഗർ, നെയ്മർ,ലെബ്രോൺ ജെയിംസ്, റോജർ ഫെഡറർ, സ്റ്റീഫൻ കറി,മാറ്റ് റയാൻ, മാത്യു സ്റ്റാഫോർഡ് എന്നിവരാണ് 4 മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ.
2018 ൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന 100 താരങ്ങളിൽ ഒരു വനിതാ കായിക താരം പോലും ഇടം നേടിയിട്ടില്ല. കഴിഞ്ഞ വർഷം പട്ടികയിൽ മുൻപന്തിയിലുണ്ടായിരുന്ന മരിയ ഷറപ്പോവയ്ക്ക് 15 മാസത്തെ സസ്പെൻഷൻ മൂലം കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടിവന്നതോടെയാണ് താരത്തിന്റെ വരുമാനം ഗണ്യമായി കുറഞ്ഞത്. പോയ വർഷം പട്ടികയിലെ സാന്നിധ്യമായിരുന്ന ടെന്നീസ് താരം സെറീന വില്യംസും കളിക്കളത്തിൽ നിന്നും മാറി നിന്നതോടെ വരുമാനം ഇടിയുകയായിരുന്നുവെന്ന് ഫോബ്സ് അധികൃതർ വെളിപ്പെടുത്തി.