കർണനായി മോഹൻലാൽ; അഭിനയ മികവിനെ അഭിനന്ദിച്ച് പൃഥ്വിരാജ്…

July 28, 2018

അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ സൂപ്പർ താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ അഭിനയ മികവിന്  അഭിനന്ദനവുമായി  എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. കഴിഞ്ഞ ദിവസമാണ് മോഹൻലാൽ അഭിനയിച്ച കർണഭാരം എന്ന നാടകം സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. ഇതിലെ താരത്തിന്റെ പ്രകടനത്തിനാണ് പ്രശംസകളുമായി പൃഥ്വി എത്തിയത്.  മോഹൻലാലിനെ നായകനാക്കി തന്റെ പുതിയ ചിത്രം ലൂസിഫർ ചിത്രീകരിക്കുന്നതിനെ തിരക്കിലാണ് താരമിപ്പോൾ. ഈ ചിത്രത്തിനിടയിൽ മോഹൻലാലിൻറെ കർണാഭരതത്തിലെ അഭിനയം കാണാൻ സാധിച്ചതിലും തനിക്ക് വഴങ്ങാത്ത ഭാഷയിൽ  ലൈവായി പാടിയും ഡയലോഗ് പറഞ്ഞും നിർത്താതെ അഭിനയിച്ചുമൊക്കെയുള്ള താരത്തിന്റെ പ്രകടത്തിനാണ് അഭിനന്ദനവുമായി പൃഥ്വി എത്തിയത്.

ഏകദേശം നാൽപ്പത് വർഷത്തെ  അഭിനയ ജീവിതത്തിനിടയിൽ തനിക്ക് പോലും അത്ഭുതമായി തോന്നിയ പ്രകടനത്തെക്കുറിച്ച് മോഹൻലാൽ തന്നെ ഇന്നലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയ്ക്ക് വേണ്ടി മോഹൻലാൽ അഭിനയിച്ച നാടകം ഇന്നലെയാണ്  ഇന്റർനെറ്റിലേക്ക് എത്തിയത്. കാവാലം നാരായണ പണിക്കർ സംവിധാനം ചെയ്ത കർണഭാരം എന്ന നാടകമാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചത്.  ഡൽഹിയിൽ 2000ൽ റിലീസ് ചെയ്ത കർണഭാരം പിന്നീട് മുംബൈയിലും റിലീസ് ചെയ്തിരുന്നു. അതേസമയം ഇത് കേരളത്തിൽ ഇതുവരെ റിലീസ് ചെയ്തിരുന്നില്ല.

നാടകത്തെ കുറിച്ച് ലാലേട്ടന്റെ വാക്കുകൾ…

‘പ്രിയപ്പെട്ടവരെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയ്ക്ക് വേണ്ടി ഞാൻ ചെയ്ത സംസ്കൃത നാടകമാണ് കർണഭാരം. കഴിഞ്ഞ ദിവസം അതിന്റെ ദൃശ്യാവിഷ്‌കാരം എനിക്ക് ലഭിക്കുകയുണ്ടായി. സോപാനം എന്നു പറയുന്ന മഹത്തായ ഒരു കലാസാംസ്‌കാരിക  വേദിയിലെ ആളുകളാണ്  എന്നെക്കൊണ്ട് ഈ നാടകം  ചെയ്യിപ്പിച്ചത്. എനിക്ക് സംസ്കൃതം അറിയില്ലായെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷെ എനിക്കിത് ചെയ്യാനാകും എന്നു പറഞ്ഞ് കാവാലം സാറാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. ഇപ്പോൾ അത് കാണുമ്പോൾ ഞാനാണ് ചെയ്തതെന്ന് എനിക്ക് തന്നെ വിശ്വസിക്കാനാകുന്നില്ല. കാവാലം സാറിൻറെ അനുഗ്രഹം കൊണ്ടാണ് എനിക്കിത് ചെയ്യാൻ സാധിച്ചത്. നാൽപ്പത് വർഷമായി അഭിനയ ജീവിതത്തിലൂടെ  കടന്ന് പോകുന്ന എനിക്ക് ഇത് തികച്ചും അത്ഭുതമായിരുന്നു.

കർണന്റെ മാനസീക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നതാണ് ഈ നാടകം. അതിലേറെ മാനസീക സംഘർഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്. എന്നാൽ ഈ നാടകം കണ്ടുകഴിഞ്ഞപ്പോൾ ഇത് ഞാൻ മാത്രം കണ്ടാൽ പോരാ എല്ലാവരും കാണണമെന്നും, പ്രത്യകിച്ച് നാടകത്തെ സ്നേഹിക്കുന്നവരും എന്നെ സ്നേഹിക്കുന്നവരും ഇത് കാണണമെന്നും എനിക്ക് തോന്നി. കാവാലം നാരായണ പണിക്കർ എന്നിലേക്ക് ആവാഹിച്ചതിന്റെ ഭാഗമായാണ് ഇത് ഇത്രയും നന്നായി ചെയ്യാൻ എനിക്ക് സാധിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് യൂട്യുബിലും ഫേസ്ബുക്കിലും റിലീസ് ചെയ്യുന്ന ഈ നാടകം എല്ലാവരും കാണണം.