ബ്രസീൽ സൂപ്പർ താരത്തെ പാളയത്തിലെത്തിച്ച് ലിവർപൂൾ; മുടക്കിയത് റെക്കോർഡ് തുക

July 19, 2018

ബ്രസീലിന്റെ ഒന്നാം നമ്പർ ഗോളിയായ ആലിസൺ  ബേക്കറിനെ ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ. ഇറ്റാലിയൻ കരുത്തരായ ഏ എസ് റോമയിൽ നിന്നുമാണ് റെക്കോർഡ് തുകയ്ക്ക് ആലിസൺ  ലിവർപൂൾ സ്വന്തം പാളയത്തിലെത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

‘ഗോൾകീപ്പർമാരിലെ മെസ്സി’ എന്നറിയപ്പെടുന്ന അല്ലിസണായി 75 മില്യൺ യൂറോയാണ് ലിവർപൂൾ മുടക്കിയിരിക്കുന്നതെന്നാണ് സൂചന.ഇതോടെ ലോകത്തെ ഏറ്റവും വില കൂടിയ ഗോൾ കീപ്പറായി ബ്രസീലിന്റെ ആലിസൺ  മാറി.34.7 മില്യൺ യൂറോയ്ക്ക് ബെൻഫിക്കയിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ മറ്റൊരു ബ്രസീലിയൻ ഗോൾ കീപ്പർ എഡേഴ്സന്റെ റെക്കോർഡാണ് ആലിസണു മുന്നിൽ തകർന്നു വീണത്.

 

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലിനോടേറ്റ തോൽവിയുടെ പ്രധാന ഉത്തരവാദിയായിരുന്ന ഗോൾ കീപ്പർ   ലോറിസ് കാരിയസിന് പകരക്കാനായാണ് ആലിസൺ ലിവർപൂൾ നിരയിലേക്കെത്തുന്നത്. ചാമ്പ്യൻസ് ;ലീഗ് ഫൈനലിന് പുറമെ പ്രീ സീസൺ മത്സരങ്ങളിലും മോശം പ്രകടനം ആവർത്തിച്ചതോടെയാണ് കാരിയസിനെ ഒഴിവാക്കാൻ ലിവർപൂൾ മാനേജ്‍മെന്റ് തീരുമാനിച്ചത്.

കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ലീഗിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയ ഗോൾകെപ്പർമാരിൽ ഒരാളാണ് ആലിസൺ. ഗോൾ പോസ്റ്റിനു മുന്നിലെ ഈ മിന്നുന്ന പ്രകടനമാണ് റെക്കോർഡ് തുകയ്ക്ക് ആലിസണെ  ലിവര്പൂളിലെത്തിച്ചത്.  ആലിസന്റെ കഴിഞ്ഞ സീസണിലെ മികച്ച ഗോൾ കീപ്പിംഗ് പ്രകടനം കണ്ട എഎസ് റോമ പ്രസിഡന്റ് ജെയിംസ് പല്ലൊറ്റയാണ് ആലീസണെ ഗോൾ കീപ്പർമാരിലെ മെസ്സിയെന്ന് വിശേഷിപ്പിച്ചത്