മോശം പ്രകടനം: സാംപോളിയെ പുറത്താക്കി അർജന്റീന
അർജന്റീനൻ ഫുട്ബാൾ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും സാംപോളിയെ പുറത്താക്കി. അർജന്റീനൻ ഫുട്ബാൾ ഫെഡറേഷനാണ് കോച്ചിനെ പുറത്താക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.റഷ്യൻ ലോകകപ്പിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് സാംപോളിയുടെ പരിശീലക സ്ഥാനം തെറിച്ചത്.
അഞ്ചു വർഷത്തെക്കായിരുന്നു സാംപോളിയും അർജന്റീനൻ ഫുട്ബാൾ ഫെഡറേഷനും കരാറിലേർപ്പെട്ടത്.എന്നാൽ കരാർ പ്രകാരമുള്ള ആദ്യ വർഷം പൂർത്തിയാകുമ്പോൾ തന്നെ സാംപോളിയുമായി ബന്ധം അവസാനിപ്പിക്കാൻ അർജന്റീനൻ ഫുട്ബാൾ ഫെഡറേഷൻ തീരുമാനിക്കുകയായിരുന്നു.
കോപ്പാ അമേരിക്ക ശതാബ്ദി ടൂർണമെന്റിൽ ചിലിയെ കിരീടമണിയിച്ച ശേഷമാണ് അർജന്റീനയുടെ പരിശീലകനായി സാംപോളി ചുമതലയേൽക്കുന്നത്. പക്ഷെ സാംപോളിയുടെ കീഴിൽ നിരാശാജനകമായ പ്രകടനമാണ് ലയണൽ മെസ്സിയുടെ അർജന്റീന പുറത്തെടുത്തത്. ലോകകപ്പ് യോഗ്യത റൗണ്ടിൽ മോശം ഫോമിലുഴറിയ അർജന്റീന ഒടുവിൽ അവസാന മത്സരത്തിൽ ലയണൽ മെസ്സിയുടെ ഹാട്രിക് മികവിൽ ഇക്വഡോറിനെ കീഴടക്കിയാണ് റഷ്യയിൽ എത്തിയത്.
പക്ഷെ അർജന്റീന മറക്കാൻ ആഗ്രഹിക്കുന്ന ഒരു ലോകകപ്പാണ് റഷ്യ സമ്മാനിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ക്രോയേഷ്യയോട് തകർന്നടിഞ്ഞ അർജന്റീന നൈജീരിയക്കെതിരായ ഏക വിജയവുമായി ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് പ്രീക്വാർട്ടറിൽ എത്തിയത്.എന്നാൽ പ്രീക്വാർട്ടറിൽ കരുത്തരായ ഫ്രാൻസിനോട് മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ലയണൽ മെസ്സിയും കൂട്ടരും അടിയറവു പറഞ്ഞത്.
ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്നുള്ള പെട്ടെന്നുള്ള പുറത്താകലിനു ശേഷവും പരിശീലക സ്ഥാനത്ത് തുടരാൻ സാംപോളി താല്പര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ അർജന്റീന ഫുട്ബാൾ ഫെഡറേഷൻ സാംപോളിയുടെ ആഗ്രഹം നിരാകരിക്കുകയായിരുന്നു.