നാടകീയം..അവിശ്വസനീയം…! ജപ്പാനെ കീഴടക്കി ബെൽജിയൻ തേരോട്ടം

July 3, 2018

റഷ്യൻ ലോകകപ്പ് കണ്ട ഏറ്റവും ആവേശകരമായ മത്സരത്തിൽ ജപ്പാനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ബെൽജിയം ക്വാർട്ടറിൽ..68 മിനുട്ട് വരെ രണ്ടു ഗോളുകൾക്ക് പിന്നിലായ ബെൽജിയം ആവസാന ഇരുപത്തഞ്ചു മിനുറ്റിനിടെയാണ് മൂന്നു ഗോളുകൾ നേടിക്കൊണ്ട് മത്സരം സ്വന്തമാക്കിയത്..

ലോകകപ്പ്  നോക്ക്ഔട്ട് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചു വരവാണ് റോസ്റ്റോവ് അരീനയിൽ ബെൽജിയം കാഴ്ചവെച്ചത്.രണ്ടാം പകുതി ആരംഭിച്ച് 48 ാം മിനുട്ടിലും 52ാം മിനുട്ടിലും ജപ്പാൻ ഗോളുകൾ നേടിയതോടെ മറ്റൊരു അട്ടിമറി സൂചനകളാണ്  റോസ്റ്റോവ് അരീന നൽകിയത്. ഹരാഗുച്ചിയും ടകാഷി ഇനുയിയുമാണ് ബെൽജിയത്തെ ഞെട്ടിച്ച ഗോളുകൾ നേടിയത്.

എന്നാൽ മനസ്സാന്നിധ്യം കൈവിടാതെ പൊരുതിയ ബെൽജിയം 69,74 മിനുട്ടുകളിലെ ഹെഡർ ഗോളിലൂടെ മത്സരത്തിലേക്ക് തിരിച്ചു വരികയായിരുന്നു.വെർടോങ്കനും ഫെല്ലിനിയുമാണ് ബെൽജിയത്തിനായി നിർണായക ഗോളുകൾ നേടിയത്.

മത്സരം അധിക സമയത്തേക്ക് നീളുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അത്യധികം നാടകീയമായി ബെൽജിയം വിജയ ഗോൾ കണ്ടെത്തിയത്.ജപ്പാൻ എടുത്ത കോർണർ കൈക്കുള്ളിലാക്കിയ ബെൽജിയൻ ഗോളി കുർട്ടോയ്‌സ് ഒരു കൗണ്ടർ ആക്രമണം മനസ്സിൽ കാണുകയും പന്ത് ഡി ബ്രൂയ്ന് നൽകുകയും ചെയ്തു. ജപ്പാൻ പ്രതിരോധത്തെ കീറിമുറിച്ചു മുന്നേറിയ ഡി ബ്രൂയ്നിൽ നിന്നും   പെനാൽറ്റി ബോക്സിൽ പന്ത് സ്വീകരിച്ച  ചാഡിൽ വിജയ ഗോൾ  നേടുകയായിരുന്നു