കസാൻ അരീനയിൽ കാലിടറി കാനറിപ്പട; ബെൽജിയത്തോട് തോറ്റ് ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്ത്(1-2)

July 7, 2018

മെസ്സിയുടെ കണ്ണീരു വീണ കസാൻ അരീനയിൽ മറ്റൊരു ഇതിഹാസ താരം കൂടി തലകുനിച്ചു മടങ്ങുന്നു..! ബെൽജിയത്തിനെതിരെ മികച്ച രീതിയിൽ കളിച്ചിട്ടും പരാജയപ്പെട്ടുപോയ നെയ്മറും സംഘവുമാണ് ഇത്തവണ കസാൻ അരീനയിലെ കണ്ണീർ കഥയിലെ നായകന്മാർ..ബ്രസീലിന്റെ അതിവേഗ ഫുട്ബോളിനെ തന്ത്രപരമായ കൗണ്ടർ അറ്റാക്കുകളിലൂടെ മറികടന്ന ബെൽജിയം റഷ്യൻ ലോകകപ്പിലെ സെമിഫൈനലിലേക്ക് മുന്നേറി.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റോബർട്ടോ മാർട്ടിനസിന്റെ ‘കുട്ടികൾ’ ബ്രസീലിനെ പരാജയപ്പെടുത്തിയത്..

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ബെൽജിയത്തിന്റെ ഇരു ഗോളുകളും പിറന്നത്. 13ാം മിനുട്ടിൽ ഫെർനാഡീഞ്ഞോയുടെ സെൽഫ് ഗോളാണ് ബെൽജിയത്തിന് ആദ്യ ലീഡ് സമ്മാനിച്ചത്..ബെൽജിയൻ കോർണറിൽ അപകടമൊഴിവാക്കാനായി ഉയർന്നു ചാടിയ ഫെർണാണ്ടിഞ്ഞോയുടെ ദേഹത്തു തട്ടി പന്ത് വലയിൽ കയറുകയായിരുന്നു.

കളിയുടെ ഗതിക്കെതിരായാണ്  ബെൽജിയം  ആദ്യ ഗോൾ നേടിയത്. അപ്രതീക്ഷിതമായി ഗോൾ വഴങ്ങിയതോടെ  സമനില ഗോൾ കണ്ടെത്താനുള്ള ബ്രസീലിന്റെ ശ്രമങ്ങൾക്കിടെയാണ് മനോഹരമായ കൗണ്ടർ അറ്റാക്കിലൂടെ ഡിബ്ര്യൂയ്ൻ ബെൽജിയത്തിന്റെ രണ്ടാം ഗോൾ നേടുന്നത്. 31ാം മിനുട്ടിലാണ് ബ്രസീൽ ഗോളി അല്ലിസണെ കാഴ്ചക്കാരനാക്കി ഡി ബ്ര്യൂയ്ൻ ഗോൾ നേടിയത്.

ആദ്യ പകുതിയിൽ രണ്ടു ഗോൾ കടവുമായി കളി നിർത്തിയ ബ്രസീൽ രണ്ടാം പകുതിയിൽ നിരന്തരം ആക്രമിച്ചു കളിച്ചുവെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളും ബെൽജിയൻ ഗോളി കുർട്ടോയിസിന്റെ മിന്നുന്ന സേവുകളുമാണ് വില്ലനായി മാറിയത്. പകരക്കാരനായി ഇറങ്ങിയ റെനാറ്റോ അഗസ്റ്റോ 76ാം മിനുട്ടിൽ  ഒരു ഗോൾ മടക്കിയെങ്കിലും സമനില ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ ബ്രസീലിന് റഷ്യൻ  ലോകകപ്പിൽ നിന്നും വിടപറയേണ്ടി വന്നു.സെമി ഫൈനലിൽ ബെൽജിയവും ഫ്രാൻസുമാണ് ഏറ്റുമുട്ടുക