ലോകകപ്പ്; ഇംഗ്ലണ്ടിനെ കീഴടക്കി ബെൽജിയത്തിന് മൂന്നാം സ്ഥാനം

July 14, 2018

റഷ്യൻ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിർണ്ണയിക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് ബെൽജിയം.മത്സരത്തിന്റെ നാലാം മിനുട്ടിൽ  തോമസ് മ്യുനിയറും 82ാം മിനുട്ടിൽ നായകൻ ഈഡൻ ഹസാർഡും നേടിയ ഗോളുകളാണ് ബെൽജിയത്തിന് മൂന്നാം സ്ഥാനം നേടിക്കൊടുത്തത്.

അതിവേഗ ആക്രമണങ്ങളും പിഴവറ്റ പ്രതിരോധവുമായി മികച്ച  പുറത്തെടുത്ത ബെൽജിയം തന്നെയാണ് ഭൂരിഭാഗം സമയവും കളി നിയന്ത്രിച്ചത്. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ നേടിയ ഗോളാണ് മത്സരത്തിൽ പിടിമുറുക്കാൻ ബെൽജിയത്തെ സഹായിച്ചത്. സമനില ഗോൾ കണ്ടെത്താനായി ഇംഗ്ലണ്ടിന്റെ യുവനിരയുടെ നിരന്തര ശ്രമങ്ങൾക്ക് പകരമായി മനോഹരമായ കൗണ്ടർ അറ്റാക്കുകളിലൂടെ ബെൽജിയം മത്സരം സ്വന്തമാക്കുകയായിരുന്നു.

സമനില ഗോൾ കണ്ടെത്താനായി ഇംഗ്ലണ്ടിന് നിരവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളും, ദുർബലമായ ഷോട്ടുകളും ഇംഗ്ലണ്ടിന്റെ വഴികൾ അടക്കുകയായിരുന്നു. പരിചയ സമ്പന്നരായ  ബെൽജിയൻ താരങ്ങളുടെ പിഴവറ്റ പ്രതിരോധവും ഇംഗ്ലണ്ടിനെ ഗോളിൽ നിന്നകറ്റി.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സമനില ഗോൾ കണ്ടെത്താനുള്ള ഇംഗ്ലീഷ് നിരയുടെ അക്രമണങ്ങൾക്കിടെയാണ്  ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ പൂർണമായും ഇല്ലാതാക്കികൊണ്ട്  കൗണ്ടർ അറ്റാക്കിലൂടെ ഹസാർഡ് രണ്ടാം ഗോൾ നേടിയത്. ഗോളടിച്ചും അടിപ്പിച്ചും കളം നിറഞ്ഞു കളിച്ച ഈഡൻ ഹസാർഡ് ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനായുള്ള ഗോൾഡൻ ബോൾ നേടാനുള്ള സാധ്യതകളും സജീവമാക്കി.