കാലിടറിയവരുടെ ഫൈനൽ ഇന്ന്; മൂന്നാമനാകാൻ ബെൽജിയവും ഇംഗ്ലണ്ടും
റഷ്യൻ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം.. സെമിയിൽ ഫ്രാൻസിനോട് പൊരുതിത്തോറ്റ ബെൽജിയവും ക്രൊയേഷ്യയോട് അടിയറവു പറഞ്ഞ ഇംഗ്ലണ്ടുമാണ് മൂന്നാം സ്ഥാനത്തിനായി പോരിനിറങ്ങുക.
ഗ്രൂപ്പ് ജി യിലെ ഒന്നാം സ്ഥാനക്കാരെ നിർണ്ണയിക്കാനുള്ള പോരാട്ടത്തിൽ ഇതിന് മുൻപ് തന്നെ ഇരു ടീമുകളും പരസ്പരം പോരാടിയിരുന്നു.അന്ന് അദ്നാൻ ജനുസാജ് നേടിയ ഏക ഗോളിൽ ഇംഗ്ലണ്ടിനെ കീഴടക്കുകയായിരുന്നു ബെൽജിയം..റഷ്യൻ ലോകകപ്പിലെ ആദ്യ തവണ ഏറ്റുമുട്ടിയപ്പോൾ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് റോബർട്ടോ മാർട്ടിനെസ് പരിശീലിപ്പിക്കുന്ന ബെൽജിയം ഇറങ്ങുന്നത്.
എന്നാൽ സെമി പോരാട്ടത്തിലെ പിഴവുകൾ തിരുത്തി മൂന്നാം സ്ഥാനവുമായി റഷ്യയോട് വിടപറയാനാണ് ഹാരി കെയ്‌നിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പടയുടെ ലക്ഷ്യം..ബെൽജിയത്തോട് തോൽവി പിണഞ്ഞ മത്സരത്തിൽ ഹാരി കെയ്‌നടക്കമുള്ള പല സൂപ്പർ താരങ്ങളും മുഴുവൻ സമയം കളത്തിലിറങ്ങിയിരുന്നില്ല. എന്നാൽ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന ഇന്നത്തെ മത്സരത്തിൽ ശക്തരായ ഇംഗ്ലീഷ് പടയെ തന്നെ കളത്തിലിറക്കുമെന്ന് പരിശീലകൻ സൗത്ത്ഗേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സെന്ററ്‌പീറ്റേഴ്സ്ബർഗിൽ ഇന്ന് രാത്രി 7 .30 നാണ് ബെൽജിയം-ഇംഗ്ലണ്ട് പോരാട്ടം