റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ കണ്ടെത്തി ഫിഫ; വീഡിയോ കാണാം

July 26, 2018

റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുടമായി ഫ്രഞ്ച് പ്രതിരോധ താരം ബെഞ്ചമിൻ പവാർഡ്. പ്രീ ക്വാർട്ടറിൽ ആദ്യ പോരാട്ടത്തിൽ അർജന്റീനക്കെതിരെ നേടിയ അത്ഭുത ഗോളാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.അർജന്റീനക്കെതിരായ മത്സരത്തിൽ 2-1 എന്ന സ്‌കോറിൽ പിറകിൽ നിൽക്കെയാണ് ഫ്രാൻസിനെ ഒപ്പമെത്തിച്ച പവാർഡിന്റെ സൂപ്പർ ഗോൾ പിറന്നത്.
അർജന്റീനൻ ഗോൾ പോസ്റ്റിന്റെ വലതു ഭാഗത്തു നിന്നും ലൂക്കാസ് ഹെർണാണ്ടസ് നൽകിയ ക്രോസ് കനത്ത ഒരു ഷൂട്ടിലൂടെ പവാർഡ് വലയ്ക്കകത്താകുകയായിരുന്നു. പവാർഡിന്റെ അത്ഭുത ഗോളോടെ സമനില പിടിച്ച ഫ്രാൻസ് രണ്ടു ഗോൾ കൂടി നേടി 4-3 നു മത്സരം സ്വന്തമാക്കുകയും ചെയ്തു. പിഴയറ്റ പ്രതിരോധത്തിനൊപ്പം  വേഗമേറിയ അക്രമണങ്ങളുമായി എതിർ നിരയുടെ താളം തെറ്റിക്കുന്ന പ്രകടനവുമായി ലോകകപ്പിലുടനീളം ഫ്രഞ്ച് നിരയ്ക്ക് കരുത്തു പകർന്ന താരമാണ് ബെഞ്ചമിൻ പവാർഡ് എന്ന 22 കാരൻ..ജർമ്മൻ ബുണ്ടസ് ലീഗയിലെ സ്റ്റുട്ട്ഗർട്ടിന്റെ താരമാണ് പവാർഡ്.