ബ്രസീൽ ടീമിന്റെ തോൽ‌വിയിൽ കണ്ണ് നിറഞ്ഞ് കുട്ടി ആരാധകൻ; വൈറലായ വീഡിയോ കണ്ട് കുട്ടിയെ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകനും

July 12, 2018


ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ആകാംഷയുടെയും പ്രാർത്ഥനയുടെയും നിമിഷങ്ങളാണ് ലോകകപ്പ് ദിനങ്ങൾ. ഇത്തവണ മികച്ച ടീമുകളെല്ലാം ഫൈനൽ കാണാതെ പുറത്തതായപ്പോൾ നിരവധി ആരാധകരാണ് വേദനയോടെ തങ്ങളുടെ ടീമുകളെ യാത്രയാക്കിയത്. ഇത്തരത്തിൽ തന്റെ ഇഷ്ട ടീമായ ബ്രസീലിന്റെ തോൽ‌വിയിൽ മനം നൊന്ത ഒരു കൊച്ചു ബ്രസീൽ ആരാധകന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ബ്രസീൽ ടീം തോറ്റതിന് പിന്നാലെ തന്റെ ടീമിനെ കളിയാക്കിയവരുടെ മുൻപിലാണ് ഈ കൊച്ചു മിടുക്കൻ കരയുകയും ദേഷ്യപ്പെടുകയുമൊക്കെ ചെയ്യുന്നത്. ബ്രസീൽ തോറ്റതിന് എന്തിനാണ് എന്നെ കളിയാക്കുന്നതെന്ന് ചോദിക്കുന്ന കുട്ടി, നീ ബ്രസീൽ ഫാനല്ലെയെന്ന് ചോദിക്കുന്ന ആളോട് അർജന്റ്റിന തോറ്റപ്പോൾ ഞാൻ കളിയാക്കിയില്ലല്ലോയെന്നും മറുചോദ്യം  ചോദിക്കുന്നുണ്ട്. ബ്രസീലിനെ കളിയാക്കുന്നവരുടെ മുന്നിൽ വെല്ലുവിളിക്കുന്ന ഈ താരത്തിന്റെ  ടീമിനോടുള്ള ഇഷ്ടവും ആരാധനയുമെല്ലാം അവന്റെ വാക്കുകളിലൂടെ വ്യക്തമാവുകയാണ്.

ഈ ബ്രസീൽ ആരാധകന്റെ വീഡിയോ ആളുകളിൽ ചിരി പടർത്തിയെങ്കിലും ഇപ്പോൾ ഇവനെത്തേടി എത്തിയിരിക്കുന്നത് മഹാ ഭാഗ്യമാണ്. സംവിധായകൻ അനീഷ് ഉപാസനയാണ് ഈ കൊച്ചു മിടുക്കന്റെ വീഡിയോ കണ്ട് തന്റെ അടുത്ത സിനിമയിലേക്ക് ഇവനെ ക്ഷണിച്ചത്. അദ്ദേഹത്തിന്റെ പുതിയ സിനിമയായ ‘മധുരക്കിനാവി’ലേക്കാണ് ഈ കുട്ടിയെ സംവിധായകൻ അന്വേഷിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ കുട്ടിയെ കണ്ടെത്തി തരണമെന്ന് ഫേസ്ബുക്ക് സുഹൃത്തുക്കളോട് അനീഷ് ആവശ്യപ്പെട്ടത്.