നെയ്മർ ‘ദി ഗ്രേറ്റ്’; മെക്സിക്കൻ തിരമാലകൾക്ക് മുകളിൽ തെന്നിപ്പറന്ന് ബ്രസീൽ

July 2, 2018


ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മറെന്ന സൂര്യൻ നിറഞ്ഞു നിന്ന മത്സരത്തിൽ മെക്സിക്കോയെ രണ്ടു ഗോളുകൾക്ക് തകർത്ത് ബ്രസീൽ ക്വാർട്ടറിൽ. മത്സരത്തിന്റെ 51ാം മിനുട്ടിൽ ബ്രസീലിനായി ആദ്യ ഗോൾ നേടുകയും രണ്ടാം ഗോളിന് വഴി തെളിക്കുകയും ചെയ്ത നെയ്മറെന്ന ഫുട്ബാൾ രാജകുമാരന്റെ ചിറകിലേറിയാണ് കാനറിപ്പട റഷ്യൻ ലോകകപ്പിലെ അവസാന എട്ടിലെത്തിയത്..

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ‘നെയ്മർ ഷോ’യിലൂടെ ബ്രസീൽ ഇരട്ട ഗോളുകൾ നേടിയത്.51ാം മിനുട്ടിൽ നെയ്മറിലൂടെ തുടക്കമിട്ട നീക്കങ്ങൾക്കൊടുവിൽ പെനാൽറ്റി ബോക്സിൽ വില്ലിയൻ തൊടുത്തുവിട്ട ക്രോസിൽ നിന്നുമാണ് നെയ്മർ ആദ്യ ഗോൾ നേടിയത്..സമാര അരീനയിൽ ബ്രസീലിന്റെ വിജയം കാണാനെത്തിയ ആയിരക്കണക്കിന് ആരാധകരെ ആഹ്ളാദത്തിമർപ്പിളക്ക്കികൊണ്ടാണ് അവരുടെ രാജകുമാരൻ ബ്രസീലിനായി വല കുലുക്കിയത്.കൗണ്ടർ അറ്റാക്കുകളിലൂടെ മെക്സിക്കോ സമനില ഗോൾ കണ്ടെത്തുമെന്ന് തോന്നിച്ച നിമിഷത്തിൽ നെയ്മർ വീണ്ടും വീരനായകനായി അവതരിക്കുകയായിരുന്നു..88ാം മിനുട്ടിൽ മെക്സിക്കൻ പെനാൽറ്റി ബോക്സിൽ ഇരമ്പിയെത്തിയ നെയ്മർ ഒച്ചോവയെയും നിഷ്പ്രഭനാക്കി  നൽകിയ  കൃത്യമായ പാസ് വലയിലേക്ക് തഴുകി വിടുകയെന്ന ചടങ്ങു മാത്രമേ ഫിർമിഞ്ഞോക്കുണ്ടായിരുന്നുള്ളു..

രണ്ടു ഗോൾ തോൽവി വഴങ്ങിയെങ്കിലും ഒച്ചോവയെന്ന മെക്സിക്കൻ ഗോൾ കീപ്പറുടെ അസാമാന്യ വൈഭവം എന്നും  ഓർമ്മിക്കപ്പെടും. ഒച്ചോവയുടെ വിശ്വസ്തമായ കരങ്ങളുണ്ടായിരുന്നില്ലെങ്കിൽ ചുരുങ്ങിയത് ഒരു അഞ്ചു ഗോളിനെങ്കിലും മത്സരം  ബ്രസീൽ സ്വന്തമാക്കുമായിരുന്നു,