വമ്പന്മാർക്ക് കാലിടറുന്ന ലോകകപ്പിൽ വീഴുമോ അതോ വാഴുമോ ബ്രസീൽ..?
ജർമ്മനി,അർജന്റീന, പോർച്ചുഗൽ, സ്പെയിൻ…..ലോക ഫുട്ബോളിലെ നാലു മഹാശക്തികൾ..പക്ഷെ റഷ്യൻ ലോകകപ്പിലെ കലാശക്കളികൾക്ക് ചൂടുപിടിച്ചുതുടങ്ങുമ്പോഴേക്കും ഈ നാലു വമ്പന്മാരും റഷ്യയോട് വിട പറഞ്ഞിരിക്കുന്നു.. മഹാ ശക്തികൾക്ക് കാലിടറുന്നത് പതിവു കാഴ്ചയായ റഷ്യയിൽ ഇന്ന് ബ്രസീലും മെക്സിക്കോയും ഏറ്റുമുട്ടുമ്പോൾ ആരാധകരും ചങ്കിടിപ്പിലാണ്..
റഷ്യൻ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെ ജർമനിയെ ഞെട്ടിച്ചാണ് മെക്സിക്കോ എത്തുന്നത്.അതേ സമയം ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനോട് സമനില വഴങ്ങിയ ബ്രസീൽ രണ്ടാം മത്സരത്തിൽ കോസ്റ്റാറിക്കയോട് അവസാന നിമിഷമാണ് വിജയം നേടിയത്..എന്നാൽ സെർബിയക്കെതിരെ അവസാന മത്സരത്തിൽ ബ്രസീൽ മികച്ച ഫോമിലേക്കുയർന്നു. വേഗമേറിയ നീക്കങ്ങളും ചടുലമായ പാസ്സിങ്ങുകളുമായി ആരാധകരുടെ പ്രതീക്ഷക്കൊത്തുയർന്ന പ്രകടനമാണ് അവസാന മത്സരത്തിൽ ബ്രസീൽ പുറത്തെടുത്തത്.
അതേ സമയം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്വീഡനോട് മൂന്നു ഗോൾ തോൽവി വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് മെക്സിക്കോയുടെ വരവ് .
ലോകകപ്പിൽ ഇതുവരെ നാലു തവണയാണ് ഇരു ടീമുകളും പരസ്പരം എറ്റുമുട്ടിയത്. മൂന്നു വിജയങ്ങളും ഒരു സമനിലയുമായി പരാജയമറിയാത്ത ബ്രസീലിനാണ് ചരിത്രത്തിന്റെ ആനുകൂല്യം.എന്നാൽ 2004 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ അവസാനമായി ഇരുവരും ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിലാണ് അവസാനിച്ചത്. ഇന്ന് സമാര അരീനയിൽ 7.30 നാണ് മത്സരം.