വ്യാജ വാർത്തകൾക്കെതിരെ പോരാടാൻ കുട്ടികൾക്ക് വീര്യം നൽകി കണ്ണൂർ കളക്ടർ…

July 14, 2018

വ്യാജ വർത്തകൾക്കെതിരെ പോരാടാൻ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സുമായി മാതൃകയാവുകയാണ് കണ്ണൂർ ജില്ലാ  കളക്ടർ മീർ മുഹമ്മദ് അലി. സോഷ്യൽ മീഡിയ വഴി പ്രചരിക്കപ്പെടുന്ന വാർത്തകർ ജീവന് പോലും ഭീഷണിയാവുന്ന സാഹചര്യത്തിലാണ് കുട്ടികൾക്കൊരു ബോധവൽക്കരണ ക്ലാസ്സുമായി കളക്ടർ എത്തുന്നത്. ‘സത്യമേവ ജയതേ’ എന്ന പേരിലാണ് കളക്ടർ ക്യാമ്പയിൻ നടത്തുന്നത്.

മിസെൽസ്- റൂബെല്ല വാക്സിനേഷനുമായി ബന്ധപ്പെട്ടു വ്യാജ വർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടതിന്റെ ഭാഗമായി കുട്ടികൾ വാക്സിൻ എടുക്കാൻ സമ്മതിക്കാതെ വന്നു. ഇതോടെ ഈ പദ്ധതി പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ഇത് നിരവധി കുട്ടികളെയാണ് പ്രതികൂലമായി ബാധിച്ചത്. ഇത്തരത്തിലുള്ള വാർത്തകൾ കൂടുതലും വിനയാകുന്നത് കുഞ്ഞു മക്കളിലാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടതിന്റെ ഭാഗമായി  20 ലധികം ജീവനുകൾ നഷ്ടപ്പെട്ടിരുന്നു. നിപ്പ വൈറസ് ഭീതിയിൽ കേരളം മുഴുവൻ കഴിഞ്ഞപ്പോഴും വ്യാജവാർത്തകൾ മൂലം ആരോഗ്യ വകുപ്പിന്റെ പല പദ്ധതികളും തകിടം മറിയുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യമേവ ജയതേയുമായി കളക്ടർ സ്കൂളുകളിൽ എത്തുന്നത്. വളർന്നു വരുന്ന തലമുറയെയാണ് ആദ്യം ബോധവാന്മാരാക്കേണ്ടത് എന്ന തിരിച്ചറിവോടെയാണ് പുതിയ പദ്ധതിയുമായി കളക്ടർ എത്തുന്നത്.

എട്ടാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ബോധവത്കരണ ക്‌ളാസുകൾ ആരംഭിച്ചത്. നിരുപദ്രവമെന്ന് തോന്നുന്ന ചില  ഫോർവേഡ് മെസേജുകൾ ചിലപ്പോഴൊക്കെ ആപത്താകാറുണ്ട്. ഇത് മനസിലാക്കാനുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കുക, വ്യാജ വാർത്തകൾക്കെതിരെ പോരാടുക, ശരിയും തെറ്റും മനസിലാക്കി പെരുമാറുക തുടങ്ങിയവയാണ് ഈ പരിപാടിയിലൂടെ കളക്‌ടർ ഉദ്ദേശിക്കുന്നത്. പോലീസുകാരും അധ്യപകരും  ഉൾപ്പെടെ നിരവധിപ്പേർ കളക്ടർക്ക് സപ്പോർട്ടുമായി രംഗത്തെത്തിയിട്ടുണ്ട്.