മോശം പ്രകടനം; പരിശീലകൻ കോൻറെയെ ചെൽസി പുറത്താക്കി

July 13, 2018

ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് പരിശീലകനെ പുറത്താക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി..ഇറ്റാലിയൻ പരിശീലകനായ അന്റോണിയോ കോൻറെയെയാണ്  രണ്ടു വർഷത്തിനു ശേഷം  ചെൽസി പുറത്താക്കിയത്. 2016 ൽ ഗസ് ഹിഡിങ്കിൽ നിന്നും ചെൽസിയുടെ പരിശീലന പദവി ഏറ്റെടുത്ത കോൻറെ അരങ്ങേറ്റ സീസണിൽ തന്നെ ചെൽസിയെ  ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയിരുന്നു.

എന്നാൽ  ആദ്യ സീസണിലെ മിന്നുന്ന പ്രകടനം തുടരാൻ കഴിയാതെ വന്നതോടെയാണ് രണ്ടു വർഷത്തിന് ശേഷം കോച്ചിനെ പുറത്താക്കാൻ റോമൻ അബ്രഹാമോവിച്ചിന്റെ ഉടമസ്ഥതയിലുള്ള ചെൽസി ടീം മാനേജ്‍മെന്റ് തീരുമാനിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്താണ് ചെൽസി ഫിനിഷ് ചെയ്തത്. ഒരു വർഷത്തെ കരാർ കൂടി ബാക്കിയുള്ളപ്പോഴാണ് ചെൽസി കോന്റെയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.  ഇറ്റാലിയൻ സീരി എയിലെ വമ്പന്മാരായ  നാപോളിയുടെ പരിശീലകൻ മൗരിസിയോ സാരിയാകും ചെൽസിയുടെ പുതിയ കോച്ചെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന