അവധി അന്വേഷിച്ച് വിളിക്കുന്നവർക്ക് മറുപടിയുമായി കളക്‌ടർ അനുപമ; വൈറലായ ഫേസ്ബുക്ക് പോസ്റ്റ് കാണാം

July 23, 2018

അവധി അന്വേഷിച്ച് വിളിക്കുന്നവർക്ക് മറുപടിയുമായി തൃശൂർ കളക്‌ടർ അനുപമ. കേരത്തിൽ ഒരാഴ്ച്ചയായി നിർത്താതെ പെയ്ത  മഴയെത്തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് കളക്‌ടർ അവധി പ്രഖ്യാപിച്ചിരുന്നു. ഈ ദിവസങ്ങളിൽ മഴയുണ്ടോ എന്നറിയുന്നതിനായി കുട്ടികളും മുതിർന്നവരുമടക്കം നിരവധി ആളുകളാണ് കളക്‌ടർ ഉൾപ്പെടെയുള്ള അധികൃതരെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നത്. ഈ വിളികൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കളക്‌ടർ അനുപമ.

ദുരിത നിവാരണവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ട കളക്‌ടർക്ക് ഈ വിളികൾ ശരിക്കും ദുരിതമായിരുന്നു. അതേത്തുടർന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കളക്‌ടർ ഇതിന് മറുപടി നൽകിയത്. സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നതിന് നിരവധി നിബന്ധനകളുണ്ടെന്നും അതെല്ലാം ഒത്തുചേർന്നാൽ മാത്രമേ അവധി പ്രഖ്യാപിക്കാൻ സാധിക്കുകയുള്ളൂവെന്നും അനുപമ അറിയിച്ചു.

എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും. ഇടവിടാതെ ഫോൺ കോളുകൾ വരുന്നതിനാൽ അടിയന്തര സഹായം ആവശ്യമുള്ളവർ വിളിക്കുമ്പോൾ കോളുകൾ എടുക്കാൻ സാധിക്കാതെ വരുന്നതായും, കാണാതായ ആളുകളുടേതുൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായി ലഭിക്കുന്നതിന് തടസ്സമാവുന്നതായും കളക്ടർ പറഞ്ഞു. അതിനാൽ അവധി അന്വേഷിച്ച് വിളിക്കുന്നവർ മറ്റ് അത്യാവശ്യ കോളുകൾക്ക് തടസ്സമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കളക്‌ടർ അറിയിച്ചു.