എന്തുകൊണ്ട് റയൽ വിട്ടു..? ഒടുവിൽ കാരണം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ

July 18, 2018

ഫുട്ബാൾ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് റയലിന്റെ പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് കൂടുമാറിയെന്ന വാർത്തകൾ പുറത്തുവന്നത്. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി റോണോയെ ചുറ്റിപ്പറ്റി ട്രാൻസ്ഫർ അനവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നതിനാൽ റോണാൽഡോയുടെ യുവന്റസ് കൂടുമാറ്റ വാർത്തയും വെറും ഊഹാപോഹങ്ങൾ മാത്രമായി അവസാനിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചു.എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് സാന്റിയാഗോ ബെർണാബുവിനോട് റോണോ വിട പറഞ്ഞു. സമകാലീന ഫുടബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ റൊണാൾഡോ ശേഷിക്കുന്ന കാലം അല്ലിയൻസ് അരീനയിൽ  യുവന്റസിനായി ബൂട്ടുകെട്ടുമെന്ന് അറിയിക്കപ്പെട്ടു.

ലോകത്തെ ഏറ്റവും മികച്ച വിജയ ചരിത്രമുള്ള റയലിൽ നിന്നും എന്തിനാണ് റോണോ വിടവാങ്ങിയതെന്ന ചോദ്യമാണ് അതിന് ശേഷം ഓരോ ആരാധകന്റെയും മനസ്സിനെ അസ്വസ്ഥമാക്കിയത്.ഒടുവിൽ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെ സംശയത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് റൊണാൾഡോ.

“ദീർഘ നാളത്തെ ചിന്തകൾക്ക് ശേഷമാണ് റയലിൽ നിന്നും യുവന്റസിലേക്ക് മാറാനുള്ള തീരുമാനം കൈകൊണ്ടത്. ഇറ്റലിയിലെ ഏറ്റവും മികച്ച ടീമാണ് യുവന്റസ് .ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രതിഭാധനനായ പരിശീലകരിൽ ഒരാളായ മാസിമിലിയാനോ അല്ലെഗ്രിയാണ് യുവെയുടെ പരിശീലകൻ.അതിനാൽ തന്നെ യുവേയിലേക്ക് ചേക്കാറാനുള്ള തീരുമാനം മികച്ചതാണെന്നാണ് വിലയിരുത്തൽ. എന്റെ പ്രായത്തിലുള്ള താരങ്ങളിൽ അധികവും ഖത്തറിലോ ചൈനയിലോ ഉള്ള ലീഗിലേക്ക് കൂടുമാറാനാണ് താല്പര്യം പ്രകടിപ്പിക്കാറുള്ളതെന്നത് വാസ്തവമാണ്.പക്ഷെ കംഫർട്ട് സോണിൽ മാത്രം ഒതുങ്ങി കളിക്കാൻ  ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ”- റോണോ വ്യക്തമാക്കി

ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് വേണ്ടി കളിക്കാൻ  ലഭിച്ച  അവസരത്തെ വലിയ ഭാഗ്യമായി കാണുന്നുവെന്നും ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനലിൽ യുവെക്കെതിരെ നേടിയ ബൈസിക്കിൽ ഗോളിനെ  കൈയ്യടിയോടെ ആദരിച്ച യുവന്റസ് ആരാധകരുടെ സ്പോർട്സ്മാൻ സ്പിരിറ്റ് തന്നെ വല്ലതെ ആകർഷിച്ചിരുന്നുവെന്നും റോണോ കൂട്ടിച്ചേർത്തു.

451 ഗോളുകളുമായി റയലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന പകിട്ടോടെയാണ് 33 കാരനായ  ക്രിസ്റ്റ്യാനോ യുവെയിലെത്തുന്നത്. 1996 നു ശേഷം ചാമ്പ്യൻസ് ലീഗിൽ കിരീടം നേടാൻ കഴിയാത്ത ഇറ്റാലിയൻ വമ്പന്മാർ റോണോയിലൂടെ കിരീട വരൾച്ചയ്ക്ക് അറുതി വരുത്താമെന്ന കണക്കു  കൂട്ടലിലാണ്.

റൊണാൾഡോ, ഡിബാല, മാൻസുകിച്ച്, ഹിഗ്വയ്ൻ തുടങ്ങി ലോകത്തെ ഏറ്റവും മികച്ച ഒരുപിടി മുന്നേറ്റ താരങ്ങളുടെ കരുത്തിൽ പുതിയ സീസൺ തുടങ്ങുന്ന യുവന്റസ് അത്ഭുതങ്ങൾ തീർക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബിന്റെ  ആരാധകർ.