അതിജീവനത്തിന്റെ ക്രൊയേഷ്യൻ മാതൃക; ഇംഗ്ലണ്ടിനെ കീഴടക്കി ക്രൊയേഷ്യ ഫൈനലിൽ
റഷ്യൻ ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ ഫൈനലിലെത്തി ..ഒരു ഗോളിന് പിറകിലായ ശേഷം 68ാം മിനുട്ടിൽ പെരിസിച്ചും 109ാം മിനുട്ടിൽ മാൻസുക്കിച്ചും നേടിയ ഗോളുകളാണ് ക്രൊയേഷ്യയെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിൽ എത്തിച്ചത്.5ാം മിനുട്ടിൽ ട്രിപ്പിയറുടെ മിന്നും ഗോളിലൂടെ ഇംഗ്ലണ്ടാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്..
മത്സരം തുടങ്ങി ഇരു ടീമുകളും താളം കണ്ടെത്തുന്നതിനും മുന്നേ തന്നെ മനോഹരമായ ഒരു ഫ്രീകിക്കിലൂടെ ട്രിപ്പിയർ ഇംഗ്ലണ്ടിനെ മുന്നിലെത്തിക്കുന്ന കാഴ്ചയാണ് ലുഷ്നിക്കിയിൽ കണ്ടത്..സമനില ഗോളിനായി ക്രൊയേഷ്യ നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും ഇംഗ്ലീഷ് പ്രതിരോധം ഉറച്ചു നിന്നതോടെ ആദ്യ ഒരു ഗോൾ ലീഡുമായാണ് ഇംഗ്ലണ്ട് കളിനിർത്തിയത്.
രണ്ടാം പകുതിയിൽ അനാവശ്യമായ പ്രതിരോധത്തിന് മുതിർന്ന ഇംഗ്ലണ്ടിനെ നിസ്സഹായമാക്കിക്കൊണ്ടാണ് 68ാം മിനുട്ടിൽ പെരിസിച്ച് സമനില ഗോൾ കണ്ടെത്തിയത്..നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു..
തുടർച്ചയായി മൂന്നു മത്സരങ്ങളിൽ അധിക സമയം കളിക്കേണ്ടി വന്നതിന്റെ ക്ഷീണം പ്രകടമാകും വിധമാണ് ക്രൊയേഷ്യ അധിക സമയത്തിന്റെ ആദ്യ പകുതി അവസാനിപ്പിച്ചത്..എന്നാൽ രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചിന്റെ കൃത്യമായ ഹെഡർ പാസ് ഗോളിലേക്ക് തിരിച്ചു വിട്ടുകൊണ്ട് മാൻസുക്കിച്ച് ക്രൊയേഷ്യയെ ഫൈനലിൽ എത്തിക്കുകയായിരുന്നു..ഒരു ഗോൾ നേടുകയും വിജയ ഗോളിന് അസ്സിസ്റ് നൽകുകയും ചെയ്ത പെരിസിച്ചും നായകൻ മോഡ്രിച്ചുമടങ്ങുന്ന മധ്യനിരയുടെ കരുത്തിൽ ഒരിക്കൽ കൂടി വിസ്മയം തീർത്ത ക്രൊയേഷ്യ കലാശപ്പോരാട്ടത്തിൽ കരുത്തരായ ഫ്രാൻസിനെ നേരിടും..ജൂലൈ 15 ന് ഞായറാഴ്ച ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് ഫൈനൽ അരങ്ങേറുക.