ഇംഗ്ലീഷ് വസന്തമോ…ക്രോയേഷ്യൻ പടയോട്ടമോ..? റഷ്യൻ ലോകകപ്പിലെ രണ്ടാം ഫൈനലിസ്റ്റിനെ ഇന്നറിയാം
റഷ്യൻ ലോകകപ്പിലെ രണ്ടാം ഫൈനലിസ്റ്റിനെ ഇന്നറിയാം.. യൂറോപ്യൻ വമ്പന്മാരുടെ ശക്തിപരീക്ഷണമായി മാറിയ സെമിഫൈനലുകളിലെ രണ്ടാം അങ്കത്തിൽ ഇംഗ്ലണ്ടും ക്രോയേഷ്യയുമാണ് ഇന്ന് എട്ടുമുട്ടുന്നത്.
റഷ്യയിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്ന ഹാരി കെയ്നിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇംഗ്ലീഷ് പട തങ്ങളുടെ ഭൂതകാലത്തെ മോശം പ്രകടങ്ങളുടെ മുഴുവൻ കറയും കഴുകിക്കളയുന്ന പ്രകടനമാണ് റഷ്യയിൽ പുറത്തെടുത്തത്.
ലോകകപ്പുകളിൽ ഇതുവരെ ഒരു പെനാൽറ്റി ഷൂട്ടൗട്ടിൽ പോലും വിജയം നേടിയിട്ടില്ലാത്തവരെന്ന ചീത്തപ്പേരുമായി റഷ്യയിലെത്തിയ ഇംഗ്ലീഷ് പട പ്രീക്വാർട്ടറിൽ കൊളംബിയയെ ഷൂട്ട്ഔട്ടിലൂടെയാണ് കീഴടക്കിയത്.ക്വാർട്ടറിൽ ഇംഗ്ലണ്ട് ക്വാർട്ടറിൽ മറ്റൊരു യൂറോപ്പ്യൻ ശക്തികളായ സ്വീഡനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തറപറ്റിച്ചാണ് സൗത്ത്ഗേറ്റ് പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് സെമിയിലെത്തിയത്..ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തോടേറ്റ തോൽവി ഒഴിച്ചു നിർത്തിയാൽ പിഴവറ്റ പോരാട്ടമാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്.
മറുവശത്ത് പരാജയമറിയാതെയാണ് ക്രെയേഷ്യയുടെ വരവ്… റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച മധ്യനിരകളിൽ ഒന്നാണ് ക്രൊയേഷ്യയുടേത്. നായകൻ ലുക്കാ മോഡ്രിച്ചും റാക്ടിച്ചും നയിക്കുന്ന മധ്യനിരയുടെ കരുത്തിലായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോൾ വിജയവുമായി ലയണൽ മെസ്സിയുടെ അർജന്റീനയെ നിഷ്പ്രഭമാക്കിയത് . പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിനെയും ക്വാർട്ടറിൽ ആതിഥേയരായ റഷ്യയെയും പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് ക്രൊയേഷ്യ അവസാന നാലിലെത്തിയത്. ഇന്ന് രാത്രി 11.30 ന് ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് ക്രോയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം അരങ്ങേറുക.