ലോകകപ്പും ക്രൊയേഷ്യൻ പ്രസിഡണ്ടും…
ഉണ്ണികൃഷ്ണൻ ചേനമ്പിള്ളി
ഇരുപത്തി ഒന്നാമത് ഫിഫ ലോകകപ്പ് മോസ്കോയിലെ ലുസ്‌നിക്കി സ്റ്റേഡിയത്തിൽ കൊടിയിറങ്ങിയപ്പോൾ ഫ്രാൻസ് ലോക ചാമ്പ്യൻമാരായി തലയുയർത്തി നിന്നു. നാല് ഗോളുകൾ തങ്ങളുടെ വലയിൽ വീണിട്ടും രണ്ടെണ്ണം തിരിച്ചടിച്ച് ക്രോയേഷ്യ അരങ്ങേറ്റ ഫൈനൽ അഭിമാനത്തോടെ അവിസ്മര ണീയമാക്കി. നന്നായി കളിച്ചത് ക്രോയേഷ്യയാണെന്നും അവസരം മുതലാക്കി ഗോളടിച്ചത് ഫ്രാൻസാണെന്നുമൊക്കെ ഫുട്ബാൾ ആരാധകർ തർക്കിക്കുന്നുണ്ടെങ്കിലും ലോക ത്തിൻറെ ശ്രദ്ധമുഴുവൻ ഇന്നലെ വെറും അമ്പത്തിആറായിരത്തി അഞ്ഞൂറ്റിതൊണ്ണൂറ്റിനാലു (56594 km²) കിലോമീറ്റർ സ്‌ക്വയർ വിസ്തീർണ്ണമുള്ള നാല്പത്തിരണ്ടുലക്ഷത്തിഎൺപത്തിനാലായിര (42,84000) ത്തിലധികംആളുകൾ അധിവസിക്കുന്ന ഒരു തെക്കു കിഴക്കൻ യൂറോപ്പ്യൻ രാജ്യത്തേക്കായിരുന്നു. ലോകത്തെ ഏറ്റ വും മികച്ച 20 ടൂറിസം കേന്ദ്രങ്ങളിലൊന്നായ ക്രൊയേഷ്യ യിലേക്ക്.
ഫ്രാൻസിൻറെ വിശ്വവിജയവും ക്രോയേഷ്യയുടെ നിർഭാഗ്യപരാ ജയവുമൊക്കെ നമ്മൾ ആഘോഷിച്ചും ചർച്ചചെയ്തും തീർന്നു. പക്ഷെ എൺപതിനായിരത്തിലധികം കാണികൾ മോസ്കോ യിലെ ലുസ്‌നിക്കി സ്റ്റേഡിയത്തിൽ നേരിട്ടും കോടിക്കണക്കി നാളുകൾ ടെലിവിഷൻറെ ചതുരവടിവിനുള്ളിലും കണ്ട ഫൈനൽ മത്സരത്തിൽ കളം നിറഞ്ഞുകളിച്ച കളിക്കാരേക്കാൾ ഞാൻ കൂടുതൽ ശ്രദ്ധിച്ചത് ഒരു വ്യക്തിയേയാണ്.
അവരുടെ പെരുമാറ്റത്തെയാണ്. ആ വ്യക്തിയുടെ സ്പോർട്സ്മാൻ സ്പിരിറ്റിലാണ്, രാജ്യസ്‌നേഹത്തിലും, മനുഷ്യത്വത്തിലുമാണ്. അവരുടെ പേരാണ് കോളിന്റാ ഗ്രാബർ കിറ്ററോവിക്. ക്രോയേഷ്യയുടെ ആദ്യത്തെ വനിതാ പ്രസിഡണ്ട്.
തങ്ങളുടെ രാജ്യം ലോകകപ്പ് കളിക്കുന്നത് കാണാൻ വിമാനം ചാർട്ടർ ചെയ്തും, ആളും ആർഭാടവുമൊക്കെയായെത്തി വി. ഐ. പി. ലോഞ്ചിലിരുന്നു കളികാണുന്ന നിരവധി രാജ്യതലവന്മാരെ കണ്ടുശീലിച്ച നമുക്ക് ഈ ക്രോയേഷ്യൻ വനിതാ പ്രസിഡണ്ട് ഒരപൂർവ കാഴ്ചയായിരുന്നു. തൻറെ രാജ്യം ആദ്യമായി ലോക കപ്പ് ഫൈനലിൽ മത്സരിക്കു ന്നതു കാണാൻ തൻറെ കയ്യിൽനിന്ന് പണം മുടക്കി ഇക്കണോമി ക്‌ളാസിൽ വിമാനയാത്ര ചെയ്ത് റഷ്യയിലെത്തി ക്രോയേഷ്യൻ ആരാധകർക്കിടയിലിരുന്ന് കളികണ്ടു കോളിന്റാ ഗ്രാബർ.
പ്രസിഡണ്ടിൻറെ ഡ്രസ്സ് കോഡെല്ലാം ഉപേഷിച്ച് വെള്ളയും ചുവപ്പും കള്ളികളുള്ള ക്രൊയേഷ്യൻ ടീം ജേഴ്‌സി അണിഞ്ഞായിരുന്നു അവർ സ്റ്റേഡിയത്തിലെത്തിയത്.
അതിനിടയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണു മായുള്ള അവരുടെ സൗഹൃദവുമൊക്കെ വാശിയേറിയ ഫൈനലിനിടയിലെ വിസ്മയക്കാഴ്ചകളായിരുന്നു.
ക്രൊയേഷ്യ കളിയിൽ പൊരുതിതോറ്റിട്ടും തലയു യർത്തി നിന്ന അവരുടെ യഥാർത്ഥ രാജ്യസ്നേഹം കണ്ടത് വിക്ടറി സ്റ്റാൻഡിലാണ്. തൊണ്ണൂറു മിനിറ്റും കളിക്കളത്തിൽ ഓടിക്കളിച്ചുവിയർത്തിരുന്ന ഓരോ കളിക്കാരനെയും കെട്ടിപ്പിടിച്ചു അവരുടെ ചെവിയിൽ ആശ്വാസ വാക്കുകളോതി അവർ ചിരിതൂകി നിന്നു.
ഫ്രാൻസിന്റെ താരങ്ങളേയും കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്നതിൽ പക്ഷഭേദംകാണിച്ചില്ല. ആന്റോണിയോ ഗ്രീൻസ്‌മാനും എംബെപ്പെയും പോൾ പോഗ്‌ബെയുമെല്ലാം ആ വാത്സല്യ ആശ്ലേഷങ്ങൾ ഏറ്റുവാങ്ങി.മോക്ഡ്രിച്ചിനെയും പെരിസിച്ചിനെയുമൊക്കെ ആശ്വസിപ്പിക്കുമ്പോൾ അവർ വിതുമ്പുന്നുണ്ടായിരുന്നു.
കളിയാരവങ്ങളടങ്ങിയ ലൂസ്‌നിക്കി സ്റ്റേഡിയത്തിൽ ആനന്ദാശ്രുവായെത്തിയ മഴ അവരുടെ കണ്ണീർ പുറംലോകം കാണാതെ കാത്തു.
ഫുട്ബാളിൽ ഇതുവരെ ലോകകപ്പിൽ കളിക്കാനായില്ലെങ്കിലും ഉപചാരങ്ങളിലും രാജ്യസ്നേഹത്തിലും ഭൂലോകകപ്പുനേടിയ
നമ്മുടെ രാജ്യമായിരുന്നെങ്കിലോ ഈ സ്ഥാനത്ത്…?
വെറുതെ ചിന്ത ഒന്ന് ഉടക്കി.
ദേശീയ ചലച്ചിത്ര അവാർഡ് ദാനചടങ്ങിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ ഒരാവശ്യമില്ലാത്ത താരതമ്യം കടന്നുവന്നു.
രാജ്യത്തിനുവേണ്ടി നേട്ടങ്ങൾ കൊയ്തവരെ ആദരിക്കുന്ന ചടങ്ങിൽ നമ്മുടെ നാട്ടിൽ ആവശ്യമില്ലാത്ത ആചാരങ്ങൾ അവരെ ബുദ്ധിമുട്ടിക്കുന്നില്ലേ…?
റിഹേഴ്‌സലുകളും, ഉപചാരം പഠിപ്പിക്കലുമൊക്കെയായി എന്നോ ഒഴിപ്പിച്ചുവിട്ട സായിപ്പിൻറെ ഭൂതം ഇപ്പോഴും രാജ്യത്തലവ ഭവനുകളിൽ കറങ്ങിനടക്കുന്നു.
അവിടെയാണ് വിയർത്തുകുളിച്ച ക്രൊയേഷ്യൻ കളിക്കാരെ ആശ്ലേഷിച്ച് അഭിനന്ദിക്കാനും ആശ്വസിപ്പിക്കാനും അവരെ ആദരിക്കാനും തയ്യാറായ കോളിന്റാ ഗ്രാബർ ശ്രദ്ധിക്കപ്പെടുന്നത്.
ആരാണ് കോളിന്റാ ഗ്രാബർ കിറ്ററോവിക്?
ഡോക്ടറൽ സ്റ്റഡീസ് പൂത്തിയാക്കിയ 50 വയസ്സുള്ള കോളിന്റാ ഗ്രാബർ 2015 ലാണ് ക്രോയേഷ്യയുടെ നാലാമത്തെ പ്രസിഡന്റായി ചുമതലയേൽക്കുന്നത്. ക്രൊയേഷ്യയുടെ ആദ്യത്തെ വനിതാപ്രസിഡണ്ടും അവർതന്നെ. ക്രോയേഷ്യൻ ഡെമോക്രാറ്റിക് യൂണിയൻ (HDZ) എന്ന ഭരണപക്ഷ സംഘടനയിൽ അവർ അംഗമാകുന്നത് 1993 ലാണ്. ക്രൊയേഷ്യയുടെ അമേരിക്കൻ അംബാസഡർ, നാറ്റോയുടെ അസിസ്റ്റൻഡ് സെക്രട്ടറി ജനറൽ എന്നീ പദവികളും അവർ വഹിച്ചിട്ടുണ്ട്.
1996 ൽ ജാക്കോവ് കിറ്ററോവിക്കിനെ അവർ വിവാഹം കഴിച്ചു. രണ്ടു മക്കൾ – 17 വയസ്സുള്ള കാതറീനയും 15 വയസ്സുള്ള ലൂക്കായും.