മെഴുകു സുന്ദരി ആകാനൊരുങ്ങി ബോളിവുഡ് താരം ദീപിക; ചിത്രങ്ങൾ കാണാം..

July 24, 2018

ബോളിവുഡിലെ സൂപ്പർ താരം ദീപിക പദുക്കോൺ ഇനി ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ മെഴുകുപ്രതിമകളുടെ ഇടയിലേയ്ക്ക് എത്തുന്നു. ലണ്ടനിലെയും ഡൽഹിയിലെയും മ്യൂസിയങ്ങളിൽ മറ്റ് പ്രമുഖരുടെ മെഴുകു പ്രതിമകൾക്കൊപ്പമാണ് ദീപികയുടെ പ്രതിമയും ഉണ്ടാകുക. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, കത്രീന കൈഫ് എന്നിവരുടെയെല്ലാം മെഴുക് പ്രതിമകൾ  ലണ്ടനിലെ മ്യൂസിയത്തിൽ ഉണ്ട്.


അടുത്ത വർഷം തന്നെ ദീപികയുടെ മെഴുകു പ്രതിമ  ലണ്ടനിൽ  സ്ഥാപിക്കും. പിന്നീട് ഡൽഹി മ്യൂസിയത്തിലും പ്രതിമ ഇടം നേടും. മെഴുകു പ്രതിമ നിർമ്മിക്കുന്നതിനായി മാഡം ട്യുസോയിലെ  വിദഗ്ദ്ധർ ലണ്ടനിൽ വച്ച് ദീപികയുമായി കൂടിക്കാഴ്ച നടത്തുകയും ദീപികയുടെ ഫോട്ടോയും ശരീരത്തിന്റെ അളവുകലും എടുത്തിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

അതോടൊപ്പം തന്റെ പ്രതിമയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും അവർക്കൊപ്പമുള്ള അനുഭവങ്ങൾ മനോഹരമായിരുന്നുവെന്നും ഒരിക്കലും മറക്കുകയില്ലെന്നും താരം ട്വിറ്ററിൽ കുറിച്ചു. അമ്മയ്‌ക്കൊപ്പം തന്റെ കുട്ടിക്കാലത്താണ് താൻ മ്യൂസിയത്തിൽ പോയതെന്നും ദീപിക കൂട്ടിച്ചേർത്തു.