‘ശക്തനായിരിക്കൂ..!നിങ്ങൾ തന്നെയാണ് ഏറ്റവും മികച്ചവൻ’ മെസ്സിയെ വാഴ്ത്തി ഫ്രഞ്ച് താരം
നാല് വർഷങ്ങൾക്ക് മുൻപ് ബ്രസീലിലെ മാരക്കാനയിൽ പൊഴിഞ്ഞ കണ്ണീരിന്റെ തുടർച്ചയായിരുന്നു ഇന്നലെ കസാനിൽ വീണത്..ആയുധങ്ങൾ നഷ്ട്പ്പെട്ടവന്റെ നിസ്സഹായതയുമായി, പരാജിതന്റെ മേലങ്കിയണിഞ്ഞ സാക്ഷാൽ ലയണൽ മെസ്സിയായിരുന്നു രണ്ടിടത്തെയും കണ്ണീർ നായകൻ..എതിരാളികൾ മാറി..പക്ഷെ ഫലവും ചരിത്രവും മാറിയില്ല.കിരീടമില്ലാത്ത രാജകുമാരനായി കാൽപ്പന്തു കളിയിൽ തുടരാനാണ് ലിയോണൽ മെസ്സിയെന്ന അർജന്റീനൻ മിശിഹായ്ക്കുള്ള ദൈവനിയോഗം..
റഷ്യയിൽ മെസ്സി കിരീടമുയർത്തുമെന്ന് പ്രതീക്ഷിച്ച ആരാധകരെ നിരാശയിലാഴ്ത്തികൊണ്ട് അർജന്റീന ലോകകപ്പിൽ നിന്നും പുറത്തായെങ്കിലും മെസ്സിയുടെ മികവിനെ വാഴ്ത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഫ്രാൻസിന്റെ മുന്നേറ്റ താരം ഡെംബെലെ..
ശക്തനായിരിക്കൂ..നിങ്ങൾ തന്നെയാണ് ലോകത്തെ ഏറ്റവും മികച്ചവൻ എന്ന സന്ദേശത്തോടെ തന്റെ ഫേസ്ബുക്കിലൂടെയാണ് ഡെംബെലെ മെസ്സിയെ വാഴ്ത്തിയത്..
മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് മെസ്സിയുടെ അർജന്റീനയെ ഫ്രാൻസ് തകർത്തുവിട്ടത്. ബാഴ്സലോണയിൽ മെസ്സിയുടെ സഹ താരം കൂടിയായ ഡെംബെലെയുടെ വാക്കുകൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് പങ്കുവെച്ചത്.