നിർഭാഗ്യങ്ങളുടെ ഭൂതകാലത്തെ അതിജീവിച്ച് വിരിയുമോ റഷ്യയിൽ ഇംഗ്ലീഷ് വസന്തം?
ഒരുപിടി ലോകോത്തര താരങ്ങളുമായി നിറഞ്ഞ പ്രതീക്ഷകളോടെയാണ് ഇംഗ്ലീഷ് പട എല്ലാ ലോകകപ്പിനും എത്താറുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് അടക്കിവാഴുന്ന പെരുമയുമായെത്തുന്ന പുലിക്കുട്ടികൾ പക്ഷെ കാൽപ്പന്തുകളിയുടെ വിശ്വവേദിയിൽ താളം കണ്ടെത്താനാകാതെ പാതിവഴിയിൽ കൊഴിഞ്ഞു വീഴുന്നതായിരുന്നു സ്ഥിരം കാഴ്ച. നിർഭാഗ്യവും താളപ്പിഴകളും വില്ലനായി മാറുന്ന പതിവിന് പതിറ്റാണ്ടുകളുടെ പ്രായമുണ്ടെങ്കിലും 2002 ലെ സൗത്ത് കൊറിയൻ ലോകകപ്പ് മുതലുള്ള കണക്കെടുത്തു നോക്കിയാൽ തന്നെ ലോകകപ്പിലെ ഇംഗ്ലീഷ് ദുരന്തങ്ങളുടെ പൊതുസ്വഭാവം അറിയാൻ കഴിയും.
2002 ലെ സൗത്ത് കൊറിയൻ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഗോൾ കീപ്പർ സീമാൻറെ പിഴവിൽ ബ്രസീലിനോട് അടിയറവു പറഞ്ഞ ഇംഗ്ലണ്ടുകാർ 2006 ൽ പെനാൽറ്റി ഷൂട്ട്ഔട്ടെന്ന ഭാഗ്യപരീക്ഷണത്തിൽ പോർച്ചുഗീസ് ഗോൾ കീപ്പർ റിക്കാർഡോയിൽ തട്ടിയാണ് പുറത്തായത്.
2010 ലെ സൗത്ത് ആഫ്രിക്കൻ ലോകകപ്പിലെ പ്രീക്വാർട്ടറിൽ ജർമ്മനിക്കെതിരെ പോരിനിറങ്ങിയപ്പോഴും നിർഭാഗ്യം വിടാതെ പിന്തുടർന്നു. ഗോൾ ലൈൻ സങ്കേതത്തിന്റെ അഭാവത്തിൽ അർഹതപ്പെട്ട ഗോൾ പോലും നിഷേധിക്കപ്പെട്ട് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അന്ന് ഇംഗ്ലീഷ് പട ജർമ്മനിയോട് തകർന്നടിഞ്ഞത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പിറകിൽ നിൽക്കേ ഒരുപക്ഷെ അർഹതപ്പെട്ട സമനില ഗോൾ അനുവദിച്ചിരുന്നുവെങ്കിൽ മത്സരഫലം തന്നെ മറ്റൊന്നാകുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം ഇംഗ്ലീഷ് ആരാധകരും.
ഇംഗ്ലണ്ട് ആരാധകർ മറക്കാൻ ആഗ്രഹിക്കുന്ന ലോകകപ്പായിരിക്കും 2014 ൽ ബ്രസീലിൽ അരങ്ങേറിയത്. ജെറാർഡും ലാംപാർഡും റൂണിയും കാഹിലുമടക്കം നിരവധി പ്രമുഖരുമായാണ് അന്ന് ഇംഗ്ലണ്ട് എത്തിയത്. പക്ഷെ മുൻ ലോകചാമ്പ്യന്മാരായ ഇറ്റലിക്കും ഉറുഗ്വായ്ക്കും ഒപ്പം മരണ ഗ്രൂപ്പിൽ പോരിനിറങ്ങേണ്ടി വന്ന ഇംഗ്ലണ്ടുകാർ ഇരു മത്സരങ്ങളിലും 2-1 ന്റെ പരാജയമേറ്റുവാങ്ങി..അവസാന മത്സരത്തിൽ കോസ്റ്റാറിക്കയോട് സമനില വഴങ്ങിയ ഇംഗ്ലണ്ട് വിജയരഹിതരായാണ് ബ്രസീലിൽ നിന്നും പടിയിറങ്ങിയത്..
പറഞ്ഞു വന്നതെല്ലാം കഴിഞ്ഞ കഥകളാണ്..നിർഭാഗ്യവും ഫോമില്ലായ്മയും സമ്മർദ്ദങ്ങളും മൂലം ലോകകപ്പ് വേദികളിൽ കാലിടറി വീണ ഇംഗ്ലീഷ് ദുരന്തങ്ങളുടെ പഴയ ചരിത്രം.പക്ഷെ റഷ്യയിലെ ഇംഗ്ലീഷ് പട തികച്ചും വ്യത്യസ്തരാണ്…ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രാജകുമാരൻ ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലീഷ് പട ഓരോ മത്സരം കഴിയുംതോറും കൂടുതൽ കൂടുതൽ കരുത്താർജിച്ചുവരികയാണ്..
മികച്ച ഒത്തിണക്കത്തോടയുള്ള മധ്യ-ആക്രമണ നിരയും ചോരാത്ത പ്രതിരോധക്കോട്ടയുമായി മനോഹര ഫുട്ബാൾ കാഴ്ചവെക്കുന്ന അവർ എതിരാളികൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുന്നുണ്ട്..ഷൂട്ടൗട്ട് ദുരന്തങ്ങൾ തുടർക്കഥയാക്കിയ ഇംഗ്ലണ്ടുകാർ പ്രീക്വാർട്ടറിൽ കൊളംബിയയെ അതേ പെനാൽറ്റി ഷൂ ട്ടൗട്ടിലൂടെ കീഴടക്കിയാണ് അവസാന എട്ടിലെത്തിയിരിക്കുന്നത്.. പലകുറി മുളയിലേ നുള്ളിപ്പോയ ലോക കിരീടമെന്ന ലക്ഷ്യം റഷ്യൻ മണ്ണിൽ സഫലമാക്കാൻ പോന്ന എല്ലാ ആയുധങ്ങളും ഇംഗ്ലണ്ടിന്റെ പക്കലുണ്ട്.സ്വീഡനുമായാണ് ഇംഗ്ലണ്ടിന്റെ ക്വാർട്ടർ പോരാട്ടം.അവിടെയും വിജയം വരിച്ചാൽ ക്രൊയേഷ്യ / റഷ്യ വിജയികളുമായാണ് സെമിയിൽ ഏറ്റുമുട്ടുക. 52 വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി കാൽപ്പന്തുകളിയിലെ വിശ്വവിജയം നേടാൻ ഇംഗ്ലണ്ടിനാകുമോയെന്ന് കാത്തിരുന്ന് കാണാം.